mary-beena

അൻപതും അറുപതുമൊക്കെ കഴിഞ്ഞും പാടത്തും പറമ്പിലുമൊക്കെ പണിയെടുത്തവരാണ് നമ്മുടെ പൂർവികർ. എന്നാലിന്നത്തെ കാലത്ത് മിക്കവരും ശാരീരികമായും മാനസികമായും നേരത്തെതന്നെ വൃദ്ധരാവുന്നു. അൻപത് കഴിയുംമുൻപേ തന്നെ മിക്കവരെയും പലവിധ രോഗങ്ങൾ പിടിമുറുക്കുന്നു. അല്ലാത്തവരാണെങ്കിലോ വയസായി എന്ന തോന്നലിൽ വീട്ടിൽ ചടഞ്ഞുകൂടുന്നു. ചിലർ കൃഷിയിലേയ്ക്കും മറ്റുമായി തിരിയുന്നു. എന്നാൽ ഇവയ്ക്കൊക്കെ വിരുദ്ധമായി ഒഴുക്കിനെതിരെ നീന്തുകയാണ് ഒരു 59കാരി.

കൊച്ചി ചെല്ലാനം കണക്കക്കട‌വ് സ്വദേശി മേരി ബീനയുടെ 59ാം വയസിലെ വിനോദവും പാഷനും പവർലിഫ്റ്റിംഗാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ജിമ്മിൽ പോയതാണ് മേരിക്ക് വഴിതിരിവായത്. വർക്കൗട്ടിന്റെ ഭാഗമായി പവർലിഫ്റ്റിംഗ് ചെയ്ത മേരിക്ക് ക്രമേണ താത്‌പര്യം വർദ്ധിച്ചു. സ്‌കൂൾ കാലം തൊട്ട് കായികരംഗത്ത് സജീവമാകാൻ കൊതിച്ചിരുന്ന മേരി തന്റെ പഴയ സ്വപ്‌നങ്ങൾ പൊടിതട്ടിയെടുക്കുകയായിരുന്നു. പിന്നാലെ പവർലിഫ്റ്റിലെ മുതിർന്ന താരങ്ങളെക്കണ്ട് നിർദേശങ്ങൾ സ്വീകരിച്ചു.

മൂന്നുവർഷത്തെ പരിശീലനംകൊണ്ടാണ് പവ‌ർലിഫ്റ്റിംഗ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം മേരി നേടിയെടുത്തത്. 2017 മുതൽ വിവിധ ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം മെഡൽജേതാവാണ് മേരി. 2018ൽ ഉദയ്‌പൂരിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടിയത് അഭിമാനമായി. 160 കിലോവരെ മേരിക്ക് ചുമ്മാ ഉയർത്താനാവും. ഇന്ന് അനേകം വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും പ്രചോദനമാണ് ഈ 'സ്‌ട്രംഗ്‌ത് വുമൺ'.