radhika-merchant

രാജ്യം മുഴുവൻ ഗുജറാത്തിലെ ജാംനഗറിലേക്ക് ഉറ്റുനോക്കിയ മൂന്ന് ദിനങ്ങളാണ് കടന്നുപോയത്. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ പൂർവ ആഘോഷത്തിന് സമാപനം കുറിച്ചിരിക്കുകയാണ്. ജൂലായിലാണ് വിവാഹം. കോടികൾ ചെലവിട്ട സമാനതകളില്ലാത്ത ആഘോഷത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരാണ് എത്തിയത്. ചടങ്ങുകളിൽ രാധിക ധരിച്ചിരുന്ന വസ്ത്രങ്ങൾ വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

ചടങ്ങിന്റെ ആദ്യ ദിവസം രാധിക ധരിച്ചിരുന്ന മിനി ഡ്രസാണ് ഏറ്റവുമധികം വൈറലായത്. വിവിധ നിറങ്ങളാണ് ഈ വസ്ത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഹാൾട്ടർനെക്ക് ഡിസൈനാണ് വസ്ത്രത്തിന് നൽകിയിരിക്കുന്നത്. അതിനാൽ മാല ധരിക്കേണ്ട ആവശ്യം വരുന്നില്ല. നൈറ്റ് ഫംഗ്‌ഷനായതിനാൽ അതിന് യോജിക്കുന്ന രീതിയിൽ തിളക്കമുള്ള മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ ആഷിഷ് ആണ് ഈ മനോഹര വസ്ത്രത്തിന് പിന്നിൽ. 1061 പൗണ്ട് അതായത് 1,11,255 ഇന്ത്യൻ രൂപയാണ് നിറയെ മുത്തുകൾ പിടിപ്പിച്ച ഈ വസ്ത്രത്തിന്റെ വില.

സിംപിൾ മേക്കപ്പിനൊപ്പം മുടി പോണിടെയിൽ കെട്ടിയതിലൂടെ രാധികയുടെ ഭംഗി ഇരട്ടിച്ചു. ഡയമണ്ട് കമ്മലുകൾ, ഒരു ഡയമണ്ട് ബ്രേസ്‌ലെറ്റ്, പച്ച നിറത്തിലുള്ള കല്ലുകൾ പതിച്ച ഹീൽസ് എന്നിവയ്‌ക്കൊപ്പം ഒരു ബ്രാൻഡഡ് കണ്ണടയും ധരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ചടങ്ങുകളിൽ ഏറ്റവും ശ്രദ്ധ നേടിയ ഈ വസ്ത്രത്തിൽ രാധിക ഒരു നക്ഷത്രത്തെ പോലെ തിളങ്ങുകയായിരുന്നു.

രാഷ്ട്രീയ നേതാക്കളും സിനിമ,​ കായിക താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് പ്രീ വെഡ്ഡിംഗ് ഫംഗ്ഷനിൽ പങ്കെടുത്തത്. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും നൃത്തം ആയിരുന്നു മൂന്നാം ദിവസത്തെ ആകർഷണം. രജനീകാന്തും ചടങ്ങിൽ പങ്കെടുത്തു. ആലിയ ഭട്ടും മകൾ റാഹയും ശ്രദ്ധാകേന്ദ്രമായി. ആലിയ ഭട്ടും രൺബീർ കപൂറും ബ്രഹ്മാസ്ത്ര സിനിമയിലെ കേസരിയ എന്ന ഗാനത്തിന് ചുവടു വച്ചു. അനന്തിന്റെ സഹോദരൻ ആകാശ് അംബാനിയും ഭാര്യ ശ്ളോകയും ഒപ്പം ചേർന്നു.

അനന്തും രാധികയും നൃത്തം ചെയ്‌തതും വൈറലായി. ഗായകൻ ദിൽജിത് ദോസഞ്ജിന്റെ പാട്ടുകൾക്ക് ചുവടുകൾ വച്ചത് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ, അനന്യ പാണ്ഡെ, ഷനായ കപൂർ, നവ്യ നവേലി നന്ദ തുടങ്ങിയവർ. ഷാരൂഖ്, സൽമാൻ, അമീർ എന്നീ മൂന്ന് ഖാൻമാർ ചേർ‌ന്ന് നൃത്തം അവതരിപ്പിച്ചു.

ഗായകരായ ശ്രേയ ഘോഷാൽ, മോഹിത് ചൗഹാൻ, ശന്തനു മുഖർജി എന്നിവരും പരിപാടി അവതരിപ്പിച്ചു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയ്ക്കൊപ്പം പുതുതലമുറ അഭിനേത്രികളായ ജാഹ്ൻവി കപൂർ, സാറാ അലിഖാൻ, ദിഷ പട്ടാനി തുടങ്ങിയവർ വേദിയിലെത്തി. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെയും ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രൺബീർ സിംഗിന്റെയും ചുവടുകളായിരുന്നു മറ്റൊരാകർഷണം.