ksu-march

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാർച്ചിൽ വൻ സംഘർഷം. വെറ്ററിനറി സർവകലാശാലയിലേയ്ക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

പ്രതിഷേധ മാർച്ചിനിടെ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകർ സർവകലാശാലയുടെ ചുറ്റുമതിൽ ചാടിക്കടന്നതോടെയാണ് പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചത്. പിന്നീട് പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.

പ്രതിഷേധം അക്രമാസക്തമാവുന്നതുകണ്ട് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. അഞ്ചിലധികം തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രവ‌ർത്തകർക്ക് പരിക്കേറ്റു. പൊലീസിനുനേരെ കല്ലേറുമുണ്ടായി. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടന്നു. ഒന്നാം പ്രതി സിൻജോ ജോൺസണുമായി ഹോസ്റ്റലിലെ 21ാം നമ്പർ മുറിയിലും നടുമുറ്റത്തും പൊലീസ് തെളിവെടുപ്പ് നടത്തി. കല്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിൽ എത്തിയത്.

മർദ്ദനത്തിന് ഉപയോഗിച്ച ഗ്ലൂഗൺ സിൻജോയുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുത്തു. സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹോസ്റ്റലിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതായാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.