
കേരള രാഷ്ട്രീയത്തിലെ കരുത്തയായ സ്ത്രീ, സംസ്ഥാനം കണ്ട മികച്ച ആരോഗ്യമന്ത്രിമാരിലൊരാൾ, വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി, മലയാളികളുടെ സ്വന്തം ടീച്ചറമ്മ...കെ കെ ശൈലജയെ സംബന്ധിച്ച് ഇങ്ങനെ വിശേഷണങ്ങൾ പലതാണ്. വനിതാ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയും അവർ കേരള കൗമുദിയോട് മനസ് തുറക്കുന്നു.
വനിതാ ദിനത്തിൽ സ്ത്രീകളോട് പറയാനുള്ളത്
വനിതാ ദിനം സ്ത്രീകളുടെ വിമോചനവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ്. 1907ൽ ജർമനിയിൽ ചേർന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽവച്ചാണ് സ്ത്രീകളുടെ അവകാശ പ്രഖ്യാപനം പരസ്യമായി നടക്കുന്നത്. വോട്ടവകാശം, ജോലിക്കും കൂലിക്കുമുള്ള അവകാശം ഇതൊക്കെയാണ് സ്ത്രീകൾ അന്ന് ഉയർത്തിയത്. പിന്നീട് പല വർഷങ്ങളായി അന്താരാഷ്ട്ര സമ്മേളനങ്ങൾ ഉണ്ടായിട്ടുണ്ട്. 1910ൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനമാണ് മാർച്ച് എട്ട് സ്ത്രീകളുടെ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. അതത് കാലത്തെ മുദ്രാവാക്യങ്ങളാണ് ഓരോ വർഷവും മാർച്ച് എട്ടിന് ഉയർത്തുന്നത്. നിലവിൽ വോട്ടവകാശത്തിന് വേണ്ടി മുദ്രാവാക്യം വിളിക്കേണ്ട ആവശ്യമില്ല. ലോകത്തെമ്പാടും സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. എന്നാൽ തുല്യജോലിക്ക് തുല്യവേതനം ഇപ്പോഴും ലഭിക്കുന്നില്ല. സമൂഹത്തിൽ തുല്യത, അധികാരത്തിന്റെ വേദികളിൽ തുല്യത, സാമ്പത്തിക സ്വാതന്ത്യം, രാഷ്ട്രീയ സ്വാതന്ത്യം ഇതെല്ലാം ഇപ്പോഴും മുദ്രാവാക്യമായി ഉയർത്തേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച്, 1947ൽ സ്വതന്ത്യമായെങ്കിലും സ്ത്രീ - പുരുഷ സമത്വം ഉണ്ടാക്കുന്നതിനായുള്ള നടപടികൾ ഇന്ത്യൻ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇന്ത്യൻ ഭരണാധികാരികൾ ഫ്യൂഡലിസവും, മുതലാളിത്തവും ഒരുമിച്ച് കൊണ്ടുപോകുകയാണ്. മുതലാളിത്തം വളരുമ്പോൾ ഫ്യൂഡലിസത്തിന്റെ ജാതിമേൽക്കൊയ്മയൊക്കെ തകരുമെന്നാണ് പൊതുവെ ചരിത്രകാരന്മാർ പറയുന്നത്. പക്ഷേ ഇവിടെ ജാതി മേൽക്കൊയ്മ നിലനിർത്താൻ ശ്രമിക്കുന്നു. അതേസമയത്ത് വൻകിട കോർപറേറ്റുകൾ വലിയ കച്ചവടമായി ജനങ്ങളെ ചൂഷണം ചെയ്യുന്നു. ഇത് രണ്ടും സ്ത്രീകളെ ബാധിക്കുന്നു. വർത്തമാനകാലത്ത് നമ്മൾ രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കേണ്ടത്. ഫ്യൂഡൽ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ച് ശാസ്ത്ര ബോധത്തിലേക്ക് നയിക്കുക.
ജാതിബോധമാണ് സ്ത്രീകളെ വല്ലാതെ അലട്ടുന്ന മറ്റൊരു കാര്യം. ഉത്തരേന്ത്യയിൽ ദളിത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമില്ല. മാത്രമല്ല ഇപ്പോഴും തൊട്ടുകൂടായ്മ അനുഭവിക്കേണ്ടതായി വരുന്നു. സ്‌കൂളിൽ പോകാൻ സാധിക്കുന്നില്ല. ചികിത്സാ സൗകര്യങ്ങളില്ല. ഭക്ഷണമില്ല. പലയിടത്തും റേഷൻ കടകളില്ല.
ദളിത് സ്ത്രീകളുടെ മോചനം സാദ്ധ്യമാകണമെങ്കിൽ ജാതി മേൽക്കൊയ്മ അവസാനിക്കണം. അതിന് കേന്ദ്ര സർക്കാർ സമഗ്രമായ ഭൂപരിഷ്‌കരണവും, സ്വദേശമായിട്ടുള്ള ഇടപെടലുകളും കൊണ്ടുവരണം. നമ്മുടെ നാട്ടിൽ കേന്ദ്ര സർക്കാരും ബിജെപിയും ജാതി മേൽക്കൊയ്മ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുകയാണ്. ഓരോ തവണയും ജാതിവിവേചനം ഉണ്ടാക്കുന്ന രീതിയിൽ ഓരോ ജാതിയേയും പ്രീതിപ്പിക്കുകയും ജാതിപരമായ വ്യത്യാസങ്ങളുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. തങ്ങളുടെ ജാതി ഒന്നിച്ച് നിന്നാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും. അവരുടെ അനുഭവത്തിൽ നിന്നാണ് അവരങ്ങനെ കരുതുന്നത്. ജാതി വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും പരിഗണന കൊടുക്കാനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നാൽ ജാതി മേൽക്കൊയ്മ തകരും. പക്ഷേ അവർ അതിന് ശ്രമിക്കുന്നില്ല. പകരം മുതലെടുക്കാൻ നോക്കുകയാണ്. ഈ വനിതാ ദിനത്തിൽ ജാതി മേൽക്കൊയ്മ, അയിത്തം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾ മുന്നോട്ടുവരണം.

ദൈവ വിശ്വാസം ആരെയും നോവിക്കാത്തതാണെങ്കിൽ വളരെ നല്ലതാണ്. വിശ്വാസിയുടെ മനസിന് ഒരു ആശ്വാസമുണ്ടാകും. വിഷമം വരുന്ന സമയത്ത് ദൈവത്തെ പ്രാർത്ഥിച്ചാൽ ആ വിഷമം മാറും. പക്ഷേ ഇപ്പോൾ ദൈവ വിശ്വാസമെന്നത് മത്സരമാണ്. പ്രകടനാത്മകമായ, വളരെ ആഡംബര പൂർണമായ ഭക്തിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ദൈവവിശ്വാസം ഒരുപാട് പണച്ചെലവുള്ള കാര്യമായി മാറുകയാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല. ദൈവത്തെ പ്രീതിപ്പെടുത്താൻ ചില സമ്പന്നർ സ്വർണ കിരീടങ്ങളും താഴികക്കുടം സ്വർണം പൂശിക്കൊടുക്കാമെന്നും നേരുന്നു, സ്വർണ കുംഭങ്ങൾ അർപ്പിക്കുന്നു. പാവപ്പെട്ടവന് അങ്ങനെ ചെയ്യാൻ സാധിക്കില്ല. വിശ്വാസം തന്നെ സമ്പന്നന്റെ വിശ്വാസമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അത് മാറണം.
വിശ്വാസമെന്നത് രബീന്ദ്രനാഥ് ടാഗോറും, ശ്രീനാരായണ ഗുരുദേവനുമൊക്കെ പ്രകടിപ്പിച്ച വിശ്വാസമായിരിക്കണം. അങ്ങനെയാകുമ്പോൾ ആരെയും നോവിക്കേണ്ടതായി വരില്ല. വിശ്വാസത്തിന്റെ പേരിൽ മതങ്ങൾ തമ്മിൽ കലഹിക്കുന്നു. എന്റെ മതം വളരെ ശക്തിയുള്ളതും മറ്റേ മതം ചീത്ത എന്ന രീതിയിൽ വരുന്നു.
നാട്ടിൽ മതപരമായിട്ടുള്ളസ്പർദ്ധയുണ്ടാകും വിധം ആരാധനാലയങ്ങൾ നിർമിക്കുന്നു. രാമക്ഷേത്രമൊക്കെ ഉണ്ടാക്കുന്നത് നല്ലതാണ്. നമ്മുടെ നാട്ടിൽ വലിയൊരു ആരാധനാലയം ഉണ്ടാകുന്നതിന് യാതൊരു കുഴപ്പവുമില്ല. പക്ഷേ അത് മറ്റൊരു മതത്തിന് എതിരായി വരരുത്.

കടുത്ത അന്ധവിശ്വാസമാണ് മറ്റൊരു പ്രശ്നം. അസുഖം മാറാനായിട്ട് മന്ത്രവിദ്യകൾ നടത്തുക, പഴയ രീതിയിലുള്ള ആഭിചാരക്രിയ, നിധി കിട്ടാൻ വേണ്ടി മനുഷ്യനെ ബലി കൊടുക്കുക ഇതെല്ലാം സമൂഹത്തിൽ വളർന്നുവരികയാണ്. അന്ധവിശ്വാസത്തിന്റെ കൂട്ടിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കണം. അതാണ് സ്ത്രീവിമോചനത്തിന് ആവശ്യമെന്നതാണ് പ്രധാനപ്പെട്ട കാര്യം.
'inspire inclusive' എന്നതാണ് ഇത്തവണത്തെ ഐക്യരാഷ്ട്ര സഭയുടെ വനിതാ ദിന മുദ്രാവാക്യം. എല്ലാരെയും സ്വാധീനിക്കാനും ആവേശം കൊള്ളിക്കാനും കഴിയുക. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുക. അത് ദളിത് സ്ത്രീയായാലും സമ്പന്ന സ്ത്രീ ആയാലും സവർണ സ്ത്രീ ആയാലും, അവരെയെല്ലാം ഒരുമിച്ച് ചേർത്തിട്ടുള്ള സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി സംസാരിക്കുക.
കുട്ടിക്കാലത്തെ അനുഭവം
സ്ത്രീ ഗൃഹനാഥയായിട്ടുള്ള കുടുംബമായിരുന്നു എന്റേത്. ഞാൻ ജനിച്ച സമയത്ത് എന്റെ അമ്മൂമ്മയായിരുന്നു കുടുംബം നയിച്ചിരുന്നത്. അമ്മയും ഇളയമ്മമാരുമൊക്കെയുണ്ട്. അമ്മാവൻ അന്ന് ചെറുതാണ്. വലിയമ്മാവൻമാരൊക്കെയുണ്ട്. അന്ന് വളരെ കുറച്ച് ആഹാരമേയുള്ളൂ. ആഹാരത്തിന്റെ വലിയ പങ്ക് പുരുഷനാണ്.
വലിയമ്മാവന്മാരൊക്കെ വീട്ടിലുണ്ടാകുമ്പോൾ, ചോറും കറിയുമൊക്കെ ആദ്യം പുരുഷന്മാർക്കും കുട്ടികൾക്കും കൊടുക്കും. വല്ലതും ബാക്കിയുണ്ടെങ്കിൽ മാത്രമേ അമ്മയ്ക്കും ഇളയമ്മമാർക്കുമൊക്കെ കഴിക്കാൻ കിട്ടുകയുള്ളൂ. പലപ്പോഴും ബാക്കിയുണ്ടാകില്ല. അപ്പോൾ കഞ്ഞിക്കലത്തിൽ വെള്ളത്തിൽ കാന്താരി മുളക് താളിച്ച് അത് മാത്രം കുടിച്ച് പട്ടിണിയകറ്റും. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അമ്മയും ഇളയമ്മമാരും പട്ടിണിയായിരുന്നെന്നത് മുതിർന്നപ്പോഴാണ് എനിക്ക് മനസിലായത്. അന്നത്തെ സമൂഹത്തിന്റെ രീതിയായിരുന്നു അത്.
അന്നും ഇന്നും
ഇന്ന് വളരെയേറെ മാറ്റം വന്നു. പ്രത്യേകിച്ച് കേരളത്തിൽ. ജന്മത്തത്തിനെതിരായി വലിയ സമരം നടന്നു. ഒരുപാട് പേർ രക്തസാക്ഷികളായി. 1957ൽ ഇടതുപക്ഷ സർക്കാർ വന്നു. ആ സർക്കാർ കുടിയൊഴിപ്പിക്കൽ നിർത്തിവച്ചു. അതുപോലെ 67ൽ ഭൂപരിഷ്‌കരണം കൊണ്ടുവന്നു. അതിന്റെ ഫലമായി കേരളത്തിലെ ആളുകൾക്ക് ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടി. ഇന്ന് സ്ത്രീയും പുരുഷനും ജോലിക്ക് പോകാനും കൂലി വാങ്ങാനുമൊക്കെ കഴിവുള്ളവരാണ്. വലിയ മാറ്റമാണിത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകൾ വന്നിട്ടുണ്ട്. കുടുംബശ്രീയൊക്കെ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പക്ഷേ അങ്ങനെ വന്നപ്പോഴും നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടായോ എന്ന് പരിശോധിക്കണം.
പഴയ ഫ്യൂഡൽ സമ്പ്രദായത്തിന്റെ അന്ധവിശ്വാസങ്ങളും തങ്ങൾ രണ്ടാം തരമാണെന്ന വിശ്വാസവും സ്ത്രീകളുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതും കൂടി പരിഹരിക്കാനായാൽ കേരളം കൂടുതൽ മികച്ചതാകും.
രാഷ്ട്രീയമടക്കമുള്ള മേഖലകളിൽ സ്ത്രീകളെ അടിച്ചമർത്തുന്നില്ലേ? ഇതിനെ മറികടക്കാൻ കഴിയുമോ?
ഇത്തരത്തിലുള്ള അടിച്ചമർത്തലുകളെ മറികടക്കാൻ കേരളത്തിന് സാധിക്കും. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ബോധവത്കരിക്കണം. വിദ്യാസമ്പന്നരുടെ സംസ്ഥാനമാണ് കേരളം. അഭ്യസ്ത വിദ്യരായ സ്ത്രീകൾ മുന്നോട്ടുവരണം. ഞാൻ മന്ത്രിയായിരുന്നപ്പോൾ സധൈര്യം മുന്നോട്ടെന്നൊരു ക്യാംപയിൻ കൊണ്ടുവന്നിരുന്നു. നൈറ്റ് വാക്ക് അതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു. ഇപ്പോൾ അത് പലയിടത്തും ചെയ്യുന്നുണ്ട്.
രാത്രി സ്ത്രീകൾ പുറത്തിറങ്ങരുതെന്നുള്ള ചിന്തയെ തകർക്കുന്നതിന് വേണ്ടിയായിരുന്നു ആ ക്യാമ്പയിൻ. ഒരാവശ്യം വന്നാൽ പുരുഷനെ പോലെ സ്ത്രീയും രാത്രി പുറത്തിറങ്ങുമെന്ന് കാണിക്കാൻ വേണ്ടിയിട്ടായിരുന്നു. സ്ത്രീകളും പെൺകുട്ടികളും വളരെ ബോൾഡായിരിക്കണം.
പ്രതികരിക്കുന്ന സ്ത്രീകൾ കുറ്റക്കാരായി മാറുന്ന സന്ദർഭങ്ങളുണ്ടാകാറില്ലേ?
വളരെ അപൂർവമായേ അത്തരം സന്ദർഭങ്ങളുണ്ടാകാറുള്ളൂ. അത് പേടിച്ച് പ്രതികരിക്കാതിരിക്കരുത്. ബസിലൊക്കെ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും ശല്യം ചെയ്താൽ തനിക്കെന്താടോ കുഴപ്പമെന്ന് ഒച്ചത്തിൽ ചോദിക്കണം. അവിടെ നമ്മളല്ല നാണം കെടുന്നത്. പ്രതികരിക്കുന്നവരുടെ കൂടെ ആളുകൾ നിൽക്കില്ലെന്നാണ് നമ്മൾ വിചാരിക്കുന്നത്. ഇത് പൂർണമായി ശരിയല്ല. പെൺകുട്ടികളെ പരിഹസിക്കുന്നവരുണ്ടാകാം. എന്നാൽ പൊതുസമൂഹത്തിൽ പെൺകുട്ടികളെ ഒരുപോലെ കാണണമെന്നാഗ്രഹിക്കുന്ന അച്ഛന്മാരും സഹോദരന്മാരുമൊക്കെയുണ്ട്, അവർ കൂടെ നിൽക്കും. ആർജവത്തോടെ കാര്യം പറയണം. ശരിയല്ലാത്ത കാര്യം പറയരുത്. ആരെയെങ്കിലും ദ്രോഹിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്‌തെന്ന് കള്ളം പറയുന്നത് ശരിയല്ല. ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ സംഭവിക്കാറുണ്ട്. ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോൾ പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പ്രതികരിക്കാൻ പറ്റിയെന്നുവരില്ല.

പെൺകുട്ടികൾ ബോൾഡാണെങ്കിൽ കുറേ കാര്യങ്ങൾ ഒഴിവാക്കാം. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥന്മാർ, അവരോട് ബഹുമാനത്തോടെ പെരുമാറണം. പക്ഷേ ലീവ് കിട്ടണമെങ്കിലോ സ്ഥാനക്കയറ്റം കിട്ടണമെങ്കിലോ സ്വാധീനിക്കണമെന്ന് ചിലർ പറയും. അർഹതപ്പെട്ടതാണെന്നും തന്നേ മതിയാകൂവെന്നും പറയണം. അതൊരു അഹങ്കാരമല്ല. ധൈര്യമായി പറയുക. ആ ആർജവം അഭ്യസ്തവിദ്യരായ പെൺകുട്ടികൾക്കുണ്ടാകണം.
വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ അതുംകൊണ്ട് വീട്ടിലിരിക്കരുത്. എഞ്ചിനിയറിംഗൊക്കെ കഴിഞ്ഞ ചില പെൺകുട്ടികൾ ജോലിക്കൊന്നും പോകാതെ ഇരിക്കുന്നുണ്ട്. നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ ചില പെൺകുട്ടികളും ജോലിക്ക് പോകാതിരിക്കുന്നുണ്ട്. അത് പണമുണ്ടെന്നതുകൊണ്ടാണ്. പണമല്ല, ജോലി ചെയ്ത് സമ്പാദിക്കുകയെന്നത് ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ അന്തസുയർത്തുന്ന കാര്യമാണ്. അതുകൊണ്ട് നന്നായി അദ്ധ്വാനിക്കുക. സംരംഭകരായിട്ടൊക്കെ ധാരാളം പെൺകുട്ടികൾ മുന്നോട്ടുവരുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗത്തും സ്ത്രീകൾ വരണം.
സ്വാധീനിച്ച വനിത
ആദ്യത്തെയാൾ എന്റെ അമ്മൂമ്മയാണ്. പിന്നെ ഗൗരിയമ്മ, വൃന്ദാ കാരാട്ടിനെയും സുഭാഷിണി അലിയേയും പോലുള്ളയാളുകൾ.വൃന്ദാ കാരാട്ടിനും സുഭാഷിണിക്കും ഉത്തരേന്ത്യയിൽ സാദ്ധ്യത കുറവായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇവർ അവിടെ ഓടിയെത്തും. കേരളത്തിലോ മറ്റോ ആയിരുന്നെങ്കിൽ അവർ എത്രയോ തവണ എംപിയും മന്ത്രിയുമൊക്കെയായി മാറിയിട്ടുണ്ടാകും.
ടീച്ചർ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പല സർവേ ഫലങ്ങളും പ്രവചിച്ചിരുന്നു. പാർട്ടി ഒതുക്കുകയാണെന്ന് എതിരാളികൾ പറയുന്നതിനെപ്പറ്റി?
ശരിയല്ലാത്ത പ്രചാരണമാണ്. ഇങ്ങനെ പറയുന്നവർ എന്നെ സപ്പോർട്ട് ചെയ്യുമോ. സ്ഥാനാർത്ഥിത്വം ഒതുക്കലല്ല. ഇന്ത്യൻ പാർലമെന്റിൽ എന്റെ സാന്നിദ്ധ്യമുണ്ടാകണം. ഞാൻ, തോമസ് ഐസക്ക്, എളമരം കരീം, രാധാകൃഷ്ണൻ ഞങ്ങളെല്ലാം ഇന്ത്യൻ പാർലമെന്റിലുണ്ടാകണമെന്ന് പാർട്ടി തീരുമാനിക്കുന്നത് ഇകഴ്ത്തലല്ല.
ഞാൻ എം എൽ എയായിരുന്നിട്ടുണ്ട്. പക്ഷേ പാർലമെന്റിൽ ഇതുവരെ പോയിട്ടില്ല. പാർലമെന്റിന്റെ സാദ്ധ്യതകൾ ഞങ്ങൾക്ക് എത്രത്തോളം ഉപയോഗിക്കാൻ പറ്റും. അത് കണക്കുകൂട്ടിക്കൊണ്ടാണ് പാർലമെന്റിലേക്ക് മത്സരിക്കാൻ ആവശ്യപ്പെടുന്നത്. അത് തരംതാഴ്ത്തലല്ല. അങ്ങനെ പറയുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.
ടീച്ചർ ലോക്സഭയിലേക്ക് പോകുന്നതിൽ വിഷമം ഉള്ളവരോട് എന്താണ് പറയാനുള്ളത്? 
ഞാൻ അഞ്ച് വർഷം മന്ത്രിയായിരുന്നിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. പാർലമെന്റിലെ സാദ്ധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട്, കേരളത്തിൽ നിന്ന് പ്രവർത്തിക്കുന്നതുപോലെത്തന്നെ പാർലമെന്റിൽ കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് സാധിക്കും. മുഖ്യമന്ത്രിയെന്നൊക്കെ പറയുന്നത് ഒരു സ്ഥാനമാണ്. കേരളത്തെ ആധുനിക കേരളമായി വളർത്തിയെടുക്കുന്നതിന് വളരെ സമർത്ഥമായിട്ടുള്ള ലീഡർഷിപ്പോടെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നുണ്ട്. ആ സ്ഥാനത്ത് എന്നെയൊന്നും സങ്കൽപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യൻ പാർലമെന്റിലേക്കാണ് പോകുന്നത്. ഒരു സംസ്ഥാനത്തിന്റെ നിയമസഭയിൽ നിന്ന് ഒരു രാജ്യത്തിന്റെ പാർലമെന്റിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. ഇവിടെ പ്രവർത്തിച്ചതിനേക്കാൾ ഭംഗിയായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അതിനുള്ള അവസരമാണ് ജനങ്ങളോട് ചോദിക്കുന്നത്. ജനങ്ങൾ മനസിലാക്കുമെന്ന് ഉറപ്പാണ്.
ടീച്ചർ കണ്ണൂർ സ്വദേശിനിയാണ്. വടകര മത്സരിക്കുമ്പോൾ എന്ത് തോന്നുന്നു. വിജയപ്രതീക്ഷ എങ്ങനെ?
രണ്ട് ജില്ലകൾ ചേർന്നതാണ് വടകര മണ്ഡലം. കണ്ണൂരിൽ താമസിക്കുന്ന പ്രദേശത്തു നിന്ന് കണ്ണൂർ മണ്ഡലത്തിന്റെ പല ഭാഗത്തേക്കും പോകുന്നതിനേക്കാൾ എളുപ്പം വടകര മണ്ഡലത്തിലേക്ക് വരാനാണ്. ഞാൻ കഴിഞ്ഞ തവണ എം എൽ എയായ കൂത്തുപറമ്പ് വടകര നിയോജക മണ്ഡലത്തിലാണ്.
ഏതെങ്കിലും ജില്ല നോക്കിയല്ല മത്സരിക്കുന്നത്. കേരളത്തിലെവിടെയായാലും ഞങ്ങൾക്ക് പോകുന്നതിനും, അവിട പ്രവർത്തിക്കുന്നതിനും പ്രശ്നമില്ല. വളരെ അനുകൂലമായിട്ടുള്ള അവസ്ഥയാണ് വടകര. ഇവിടെ ഇക്കുറി ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കും.
ജയിച്ചാൽ ആദ്യം ചെയ്യുക
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുവരുന്ന അമൃത് പദ്ധതിയുടെ ഭാഗമായി ഒന്ന് രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രവർത്തനം വളരെ മന്ദഗതിയിലാണ്. കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തനം ത്വരിതപ്പെടുത്തും. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെട്ട് കിടക്കുകയാണ്. അവിടത്തെ വികസനം വളരെ പ്രധാനപ്പെട്ടതാണ്. പിന്നെ ഹൈവേകളുടെ വികസനം കുറച്ച് പാളിയിട്ടുണ്ട്. അത് ശ്രദ്ധിക്കും.
വടകര കാർഷിക പ്രാധാന്യമുള്ള മണ്ഡലമാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ചില പ്രവർത്തനങ്ങൾ ആലോചിക്കേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ വ്യാവസായിക മേഖല. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുംവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ...ഇതെല്ലാം പരിഗണനയിലുണ്ട്. അതിനുള്ള പദ്ധതി ആവിഷ്‌കരിക്കും.

മോദിയുടെ സ്വാധീനം കേരളത്തിലും വർദ്ധിച്ചുവരികയല്ലേ. ബി ജെ പി അവരുടെ അക്കൗണ്ട് തുറക്കുമോ?
ബി ജെ പി സീറ്റ് കൊണ്ടുപോകുമെന്ന് തോന്നുന്നില്ല. കൊണ്ടുപോകാൻ യാതൊരു സാദ്ധ്യതയുമില്ല. അവർ എവിടുന്നാണ് ജയിക്കുക. ഇവിടെ പ്രധാന പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണ്. അതുകൊണ്ട് ബി ജെ പിക്ക് സാദ്ധ്യതയില്ലെന്നാണ് ഞാൻ കരുതുന്നത്.
ടിപി കേസിലെ വിധി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുമെന്ന് യു ഡി എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലേ?
ടി പി കേസ് വന്നതിന് ശേഷമാണ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നത്. ഇപ്പോൾ വന്ന വിധി നേരത്തെ പ്രതിയായിരുന്ന രണ്ട് പേരെക്കൂടി ഉൾപ്പെടുത്തിയെന്നുള്ളതാണ്. അതൊരു കേസാണ്. സംഭവിക്കാൻ പാടില്ലാത്ത സങ്കടകരമായ കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. എല്ലാ ഭാഗങ്ങളിലുള്ളവരും അതിന്റെ ഇരയായിട്ടുണ്ട്. ആ കേസുകളെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് തോന്നുന്നില്ല.