
എമ്മി ജേതാവ് റിച്ചി മേത്ത സംവിധാനം ചെയ്ത പോച്ചർ എന്ന വെബ് സീരിസിൽ മികച്ച പ്രകടനവുമായി നിമിഷ സജയൻ. പോച്ചറിനെക്കുറിച്ച് നിമിഷ സജയന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നു. പോച്ചറിന്റെ കഥ കേട്ടപ്പോൾ തന്നെ കഥാപാത്രം ചെയ്യണമെന്ന് തോന്നി. സിനിമകൾ ക്ളൈമാക്സിൽ ഒതുങ്ങിനിൽക്കാതെ അതിനു അപ്പുറത്തേക്ക് ചർച്ചാവിഷയമാകണം. അഭിനയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാലിക പ്രസക്തിയുള്ള സിനിമയുടെ ഭാഗമാവാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
ഒരു അഭിനേതാവ് എന്ന നിലയിൽ ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രത്തിന്റെ വികാരങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാൻ സാധിച്ചെങ്കിൽ മാത്രമേ പ്രേക്ഷകർക്ക് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമായും സാഹചര്യമായും താരതമ്യം പുലർത്താൻ കഴിയൂ. പോച്ചർ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ സീരിസായിരുന്നു. എന്നാൽ ആത്മാർത്ഥമായി കലയെ സ്നേഹിക്കുന്ന ആൾക്ക് ഒന്നും പ്രയാസമായി തോന്നില്ല. നിമിഷ സജയൻ പറയുന്നു.
കേരളത്തിൽ അരങ്ങേറിയ ആനവേട്ടയാണ് പോച്ചർ എന്ന ക്രൈം ത്രില്ലർ സീരിസിന്റെ പ്രമേയം. റോഷൻ മാത്യു, ദീബ്യേന്ദു ഭട്ടാചാര്യ, കനികുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ വെബ് സീരിസ് ലഭ്യമാണ്. ഓസ്‌കാർ പുരസ്‌കാര ജേതാക്കളായ ക്യുസി എന്റർടെയ്‌ൻമെന്റാണ് നിർമ്മാണം.