kedel-jinson-raja

കേരളത്തെ ഞെട്ടിച്ച നന്ദൻകോട്ടെ കൂട്ടക്കൊലപാതകത്തിലെ പ്രതി കേഡൽ ജൻസൺ രാജയെ കുറിച്ച് കൗതുകകരമായ അനുഭവം പങ്കുവച്ച് ജയിൽ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ്. കേഡലുമായി ബന്ധപ്പെട്ട് ഏറെ ഭയപ്പെടുത്തിയ ഒരു അനുഭവമാണ് ' സസ്നേഹം ശ്രീലേഖ' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

''പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതി റിമാൻഡ് ചെയ‌്ത ശേഷമാണ് ജിൻസൺ ജയിലിലേക്ക് വരുന്നത്. തിരുവനന്തപുരം ജില്ലാ ജയിലിൽ ഒരു സെല്ലിൽ അവനെ പാർപ്പിച്ചിരിക്കുന്ന സമയത്താണ് അടുത്ത് കിടന്നിരുന്നയാളെ രാത്രി സമയം ഇവൻ കൊല്ലാൻ ശ്രമിച്ചത്. അതുവരെയും ഞാൻ അവനെ കാണാൻ ജയിലിലൊന്നും പോയിരുന്നില്ല. എന്തെങ്കിലും ആവശ്യത്തിന് ജയിലിൽ പോകുമ്പോൾ ആ വ്യക്തിയെ കുറിച്ച് ശ്രദ്ധിക്കുമെന്നല്ലാതെ നമ്മൾ പോയി കാണേണ്ട ആവശ്യമില്ല. പക്ഷേ ഇവനോട് ഒന്ന് ചോദിക്കണമല്ലോ എന്തുകൊണ്ടാണ് കൂടെയുണ്ടായിരുന്നയാളെ കൊല്ലാൻ ശ്രമിച്ചതെന്ന്.

അവനെ മുറിയിലോട്ട് വിളിപ്പിക്കാൻ ഞാൻ സൂപ്രണ്ടിനോട് പറഞ്ഞു. പക്ഷേ ഞാൻ കേഡൽ ജിൻസണെ ഒറ്റയ‌്ക്ക് കാണുന്നത് അവർക്കെല്ലാം പേടിയായിരുന്നു. അത് വേണോ മാഡം എന്നായിരുന്നു എല്ലാവരും ചോദിച്ചത്. പക്ഷേ നോക്കാമെന്ന് ഞാനും വിചാരിച്ചു. ആദ്യമൊന്നും അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. അതോടെ മുറിയിൽ നിന്ന മറ്റുള്ള ഉദ്യോഗസ്ഥരോട് പുറത്തേക്ക് പോകാൻ ഞാൻ ആവശ്യപ്പെട്ടു. ഒരു വലിയ ബെൽ കൊണ്ട് എന്റെ മുന്നിൽ വച്ചിട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാഡം വിളിച്ചാൽ മതി, ഞങ്ങൾ പുറത്തുണ്ടാകുമെന്ന് പറഞ്ഞ് അവർ പോയി. ഞാൻ കേഡലിനോട് കാര്യങ്ങൾ ചോദിച്ചു തുടങ്ങി. എന്തിനാണ് അയാളെ കൊല്ലാൻ ശ്രമിച്ചതെന്ന് ചോദിച്ചപ്പോൾ എന്നോട് കൊല്ലാൻ പറഞ്ഞിട്ടാണെന്നായിരുന്നു അവന്റെ മറുപടി. ആര് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ, ആ മോൺസ്‌റ്റർ എന്നായിരുന്നു മറുപടി. മോൺസ്‌റ്റർ അവനോട് കിൽ ഹിം കിൽ ഹിം എന്ന് പറഞ്ഞുകൊണ്ടേയിരുന്നുവത്രേ. അവൻ ആ രൂപത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്- ഉരുണ്ട തലയുള്ള കറുത്തരൂപം. മെലിഞ്ഞ് നല്ല പൊക്കമുണ്ട്. അതിന്റെ തലയിൽ രണ്ട് വശത്തോട്ട് വളഞ്ഞുകിടക്കുന്ന ആന്റിന തൂങ്ങി കിടപ്പുണ്ട്. ചുവന്നകണ്ണും വെള്ളപ്പല്ലുകളുമൊക്കെയുണ്ട്. അത് വാ തുറക്കുമ്പോൾ കൂർത്ത പല്ലുകൾ കാണാനൊക്കും. നീണ്ട നഖവും അതിന്റെ അറ്റത്ത് ചോരയുമൊക്കെയുണ്ടെന്നാണ് അവൻ പറഞ്ഞത്. ആ രൂപത്തിന് എന്നെ വലിയ ഇഷ്‌ടമാണ്. എന്നെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ആ ഭൂതം എന്നെ വിളിച്ചുണർത്തി കിൽ കിൽ എന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ടാണ് അടുത്തു കിടന്നയാളെ കൊല്ലാൻ ശ്രമിച്ചത്.

ഇത് കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇവന് എന്തോ കുഴപ്പമുണ്ടെന്ന്. അവന്റെ കുട്ടിക്കാലത്തെ കാര്യങ്ങളൊക്കെ ഞാൻ ചോദിച്ചു. അച്ഛനേയും അമ്മയേയും സഹോദരിയേയുമൊക്കെ കൊല്ലാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ കേഡൽ എന്നെ നോക്കി ചിരിക്കുകയായിരുന്നു. കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അവന്റെ ഭാവമങ്ങ് മാറി. അവൻ എന്നെ ആന്റി എന്നാണ് വിളിച്ചത്. എന്നിട്ട് പറഞ്ഞു അന്റീടെ പിറകിൽ ഒരു സാധനം നിൽപ്പുണ്ട്. അവന്റെ രൂപമാറ്റവും ശബ്‌ദമാറ്റവുമെല്ലാം കണ്ടപ്പോൾ വല്ലാതെ തോന്നിയെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല. സമാധാനത്തിൽ ആരാണത് എന്ന് ചോദിച്ചപ്പോൾ ഒരു സ്ത്രീ എന്നായിരുന്നു അവന്റെ മറുപടി. പൊലീസുകാര് എന്നെ പിടിച്ചുകൊണ്ടുപോയപ്പോൾ കൂടെയുണ്ടായിരുന്ന ഭൂതമാണത്. അതിപ്പോൾ കിൽ കിൽ എന്ന് പറയുവാണ്. പെട്ടെന്ന് ഞാൻ ബെല്ലടിച്ചു. ഉദ്യോഗസ്ഥർ ഓടിവന്നു. ഇവനെ പിടിച്ചുകൊണ്ടുപോ എന്നാണ് ഞാൻ പറഞ്ഞത്.

കേഡലിനെ മാനസികരോഗിയായി ചിത്രീകരിക്കുന്നത് പൊലീസുകാർക്ക് താൽപര്യമുള്ള കാര്യമായിരുന്നില്ല. സ്വത്തിന് വേണ്ടി തന്നെയാണ് അവൻ മാതാപിതാക്കളേയും സഹോദരിയേയും കൊന്നത് എന്നു തന്നെയാണ് അവർ കരുതുന്നത്''.- ശ്രീലേഖ പറഞ്ഞു.

2017 ഏപ്രിൽ ഒമ്പതിനാണ് തിരുവനന്തപുരം നഗരത്തിൽ നടന്ന ആ കൂട്ടക്കൊലപാതകം കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചത്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയുള്ള സ്വന്തം വീട്ടിൽ വെച്ച് പ്രൊഫസർ രാജതങ്കം, ഭാര്യയും ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, മകൾ കരോലിന ഇവരുടെ ഒരു ബന്ധുവായ ലളിത എന്നിങ്ങനെ നാലംഗ കുടുംബം അരംകൊലയ്ക്ക് ഇരയായി. മകൻ കേഡൽ ജിൻസൻ രാജയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകങ്ങൾക്ക് പിന്നിൽ.

കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. പ്രതി കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.കൊലക്കുറ്റം, വീടിനു തീയിടൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമർപ്പിച്ച കുറ്റപത്രത്തിൽ 92 സാക്ഷികളുണ്ട് കേസിന് അനുബന്ധമായി 151 രേഖകളും സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര സെ്ൻട്രൽ ജയിലിലെ ഏകാന്ത തടവിലാണ് കേഡൽ ഇപ്പോൾ. കടുത്ത മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ഇടയക്ക് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി മാറ്റാറുണ്ട്. മറ്റ് തടവുകാരെ ആക്രമിക്കാനുള്ള പ്രവണത ഇടയ്ക്ക് ഇടയ്ക്ക് പ്രകടിപ്പിക്കുന്നത് കൊണ്ടാണ് കേഡലിനെ മറ്റ് അന്തേവാസികൾക്കൊപ്പം പാർപ്പിക്കാത്തത്. പെരുമൺ ദുരന്തം നടന്ന ദിവസം ജനിച്ച കേഡൽ ചെറുപ്പം മുതൽ തന്നെ പ്രത്യേക സ്വഭാവത്തിനുടമയായിരുന്നു.