
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കൊലയ്ക്ക് കൂട്ടുനിന്ന ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരെ സർവീസിൽ നിന്നും പുറത്താക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു,യൂത്ത് കോൺഗ്രസ്,മഹിളാ കോൺഗ്രസ് അദ്ധ്യക്ഷർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
ക്രിമിനലുകളെ സംരക്ഷിക്കുന്ന,ക്രിമിനൽ മനസുള്ളയാൾ കേരളം ഭരിക്കുമ്പോൾ സിദ്ധാർത്ഥിന്റെ കൊലപാതകം കേരള പൊലീസ് അന്വേഷിക്കേണ്ടെന്നും ,കൊലയ്ക്ക് കൂട്ടു നിന്ന ഡീനിനെയും ഇടപെട്ട അദ്ധ്യാപകരെയും കേസിൽ പ്രതിയാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.സിദ്ധാർത്ഥിന്റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി.വിവാദമായതിനു ശേഷമാണ് പൊലീസ് രംഗപ്രവേശം ചെയ്തത്.പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചപ്പോൾ സി.പി.എം നേതാവ് ഹാജരായി.സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവിൽ പാർപ്പിച്ചത്.കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗം.നിസാര വകുപ്പുകളിട്ട് ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.സി.പി.എമ്മിന്റെ അദ്ധ്യാപക സംഘടന എന്ത് വൃത്തികേടിനും കൂട്ടുനിൽക്കും.കൊയിലാണ്ടിയിൽ ഇലക്ഷന് മത്സരിക്കാൻ വിസമ്മതിച്ച എസ്.എഫ്.ഐക്കാരനെ ഇടിമുറിയിലിട്ട് മർദ്ദിച്ചു. എസ്.എഫ്.ഐക്കാർക്കും രക്ഷയില്ലയെന്നും സതീശൻ പറഞ്ഞു.