
ന്യൂഡൽഹി: ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം. ഇന്ത്യ സഖ്യം സ്ഥാനാർത്ഥികളെയാണ് പരാജയപ്പെടുത്തിയത്. കുൽജീത് സന്ധു, രജീന്ദർ ശർമ്മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വരണാധികാരി ബാലറ്റിൽ കൃത്രിമം കാട്ടി ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെന്ന് കണ്ടെത്തിയ സുപ്രീംകോടതി മേയർ തിരഞ്ഞെടുപ്പ് നേരത്തേ റദ്ദാക്കിയിരുന്നു. ആം ആദിമിയിലെ കുൽദീപ്കുമാറിനെ മേയറാക്കുകയും ചെയ്തു. തുടർന്നാണ് സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടന്നത്. ആം ആദ്മിയിലെ മൂന്ന് കൗൺസിലർമാർ കൂറുമാറി ബി.ജെ.പി പക്ഷത്തെത്തിയതോടെ അവർക്ക് തുണയായത്. സന്ധുവിന് 19 വോട്ടും കോൺഗ്രസിലെ ഗുർപ്രീതിന് 16 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഇന്ത്യ സഖ്യത്തിന്റെ നിർമ്മലാ ദേവിയെ രണ്ട് വോട്ടുകൾക്കാണ് രജീന്ദർ പരാജയപ്പെടുത്തിയത്. 19-17നായിരുന്നു ജയം. 35 അംഗ കൗൺസിലിൽ ബി.ജെ.പിക്ക് 17, ആം ആദ്മിക്ക് 10, കോൺഗ്രസിന് 7, ശിരോമണി അകാലിദളിന് ഒരു സീറ്റുമാണുള്ളത്.