hj

പത്തുപന്ത്രണ്ടു വർഷം മുമ്പുവരെ കുടിവെള്ളത്തിനു പഞ്ഞമില്ലാതിരുന്ന കേരളത്തിൽ,​ അത് കുപ്പിയിലടച്ച് വിലയ്ക്കു വിൽക്കാമെന്ന വ്യാപാരസാദ്ധ്യത കണ്ടെത്തിയവരുടെ ദീർഘവീക്ഷണത്തെ നമസ്കരിക്കണം. പ്രധാനമായും ട്രെയിനുകളിൽ ദൂരയാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് കുപ്പിവെള്ള ബിസിനസ് തുടങ്ങിയതെങ്കിലും മലയാളികളുടെ യാത്രാശീലങ്ങൾ അതിവേഗം മാറിയതും, വേനലിൽ പുറത്തിറങ്ങിയാലുടൻ ദാഹിച്ചുവലയുന്ന മട്ടിൽ അത്യുഷ്ണം കടുത്തതും,​ സൗകര്യങ്ങൾക്ക് സർവപ്രാമാണ്യം കിട്ടുന്ന മട്ടിൽ കാലം മാറിയതുമെല്ലാം ചേർന്ന് കുപ്പിവെള്ളത്തിനു കൈവന്നത് വമ്പിച്ച പ്രചാരമാണ്. ചുട്ടുപൊള്ളുന്ന കേരളത്തിൽ ഇപ്പോൾ പ്രതിദിനം രണ്ടുകോടി രൂപയുടെ കുപ്പിവെള്ളം വിൽക്കുന്നുണ്ടെന്നാണ് കണക്ക്!

മുൻ മാസങ്ങളിലെ കണക്കു നോക്കിയാൽ ഒരുദിവസം 13 ലക്ഷം ലിറ്റർ കുപ്പിവെള്ളം വീതം കേരളം കുടിച്ചിട്ടുണ്ട്. ഈ വിപണി ഡിമാൻഡും വരുമാന സാദ്ധ്യതയും തിരിച്ചറിഞ്ഞ്,​ അന്താരാഷ്ട്ര ബ്രാൻഡുകൾ മുതൽ സംസ്ഥാന സർക്കാരിന്റെ വരെ ബോട്ടിൽ‌ഡ് ഡ്രിങ്കിംഗ് വാട്ടർ വിപണിയിലുണ്ട്. ഒരു ലിറ്ററിന് ഇരുപതു രൂപയാണ് കുപ്പിവെള്ള വില.

ഇതു കൂടാതെ,​ കുടുംബങ്ങളിലെ ആവശ്യത്തിനുതകുന്ന മട്ടിൽ,​ കൂടിയ അളവുകളിലുള്ള ജാറുകളും കിട്ടും. ഇതെല്ലാം ചേർന്ന് പ്രതിവർഷം സംസ്ഥാനത്തു നടക്കുന്നത് 300 കോടി രൂപയുടെ കുപ്പിവെള്ള ബിസിനസ് ആണത്രേ! അറിയപ്പെടുന്ന ബ്രാൻഡുകളല്ലാതെ പ്രാദേശിക ചെറുകിട വ്യവസായ സംരംഭമായി തുടങ്ങിയ ബ്രാൻഡുകളുമുണ്ട്. വെള്ളം സംഭരിച്ച്,​ ശുചീകരിച്ച്,​ സംസ്കരിച്ച്,​ പ്ളാസ്റ്റിക് കുപ്പികളിൽ അടയ്ക്കുന്ന പ്രക്രിയകളിൽ ഓരോന്നുമായും ബന്ധപ്പെട്ട് കർശനമായ ഗുണനിലവാര നിഷ്കർഷ നിലവിലുണ്ട്. ബോട്ടിൽ‌‌ഡ് വാട്ടർ യൂണിറ്റ് തുടങ്ങാൻ പന്ത്രണ്ടോളം ലൈസൻസുകൾ തന്നെ വേണം. എന്നാൽ,​ ഈ നിബന്ധനകളോ നിഷ്കർഷകളോ ഒന്നും പാലിക്കാതെ വിപണിയിൽ വിലസുന്ന വ്യാജന്മാരും വേണ്ടത്രയുണ്ട്. ഭക്ഷണപദാർത്ഥങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്ന അതേ ജാഗ്രത വേണ്ടുന്ന മേഖലയാണ് കുപ്പിവെള്ളം. അതാകട്ടെ,​ നിർഭാഗ്യവശാൽ നടക്കുന്നില്ല താനും.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡ് ആണ് ഹില്ലി അക്വാ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനു കീഴിലുള്ള ഹില്ലി അക്വയ്ക്ക് അരുവിക്കരയിലും തൊടുപുഴയിലും മാത്രമാണ് നിർമ്മാണ യൂണിറ്റുകൾ. വിലയാകട്ടെ,​ സ്വകാര്യ ബ്രാൻഡുകളേക്കാൾ ലിറ്ററിന് അഞ്ചുരൂപ കുറവാണു താനും. സർക്കാർ ഉത്പന്നമായതുകൊണ്ട് ഹില്ലി അക്വയ്ക്ക് വിപണിയിൽ നല്ല വിശ്വാസ്യതയും സ്വീകാര്യതയുമുണ്ട്. വിപണി ആവശ്യം മുന്നിൽക്കണ്ട് ഇപ്പോൾ ഉത്പാദനം കൂട്ടി,​ രണ്ടു യൂണിറ്റുകളും ചേർന്ന് പ്രതിദിനം 78,​000 ലിറ്റർ കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ടെങ്കിലും,​ ദിവസം 13 ലക്ഷത്തിലധികം കുപ്പിവെള്ളം വിൽക്കപ്പെടുന്ന കേരളത്തിൽ ഹില്ലി അക്വയുടെ സാദ്ധ്യത എത്രയോ വലുതാണ്.

വേനലിനു മുൻപു വരെ പ്രതിദിനം വെറും 40,​000 ലിറ്റർ ഉത്പാദനം മാത്രമാണ് ഹില്ലി അക്വ യൂണിറ്റുകളിൽ നടന്നിരുന്നത് എന്നറിയുമ്പോഴാണ്,​ പൊതുമേഖലയിൽ നല്ല ലാഭത്തോടെ പ്രവർത്തിക്കാവുന്ന ഒരു മേഖലയിൽ ആമയുടെ സ്‌പീഡിലാണ് സർക്കാരിന്റെ സഞ്ചാരമെന്ന് പിടികിട്ടുക. ഉത്പാദനം കൂട്ടിയപ്പോൾ കോർപ്പറേഷനു കിട്ടിയത് ഒരുകോടി രൂപയുടെ അധിക വരുമാനമാണ്. മലബാർ മേഖലയിൽ ഉൾപ്പെടെ കൂടുതൽ ബോട്ടിലിംഗ് പ്ളാന്റുകൾ സ്ഥാപിച്ച് സ്വകാര്യ ബ്രാൻഡുകളേക്കാൾ കുറഞ്ഞ വിലയിൽ,​ സർക്കാർ ഉത്പന്നമെന്ന നിലയിൽ ഗുണനിലവാരം ഉറപ്പാക്കിയുള്ള ഹില്ലി അക്വയുടെ ലഭ്യത കൂടുതൽ വ്യാപകമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഒരെണ്ണംകൂടി ചേരുകയും ചെയ്യും.