mobile

മുംബയ്: പ്രായപൂര്‍ത്തിയാകാത്ത മകള്‍ എല്ലായിപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. എപ്പോഴും സമൂഹമാദ്ധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ് മകള്‍ സമയം ചിലവഴിക്കുന്നത്. ഈ സ്വഭാവം മാറ്റിയെടുക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതായിരുന്നു പൊലീസ് സ്റ്റേഷനില്‍ സഹായം തേടിയെത്തിയ ആ ആച്ഛന്റെ വിഷമം.

17കാരിയുടെ പിതാവിന്റെ പരാതി കേട്ട പൊലീസ് സംഭവത്തില്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് വനിതാ പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും തുറന്ന് പറയാനും പൊലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയോട് പറഞ്ഞു.

തുടര്‍ന്നാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു പെണ്‍കുട്ടി. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ നിയന്ത്രിക്കാന്‍ മാതാവ് പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോഴാണ് പിതാവിനോട് പൊലീസിന്റെ സഹായം തേടാമെന്ന ഉപായം മാതാവ് തന്നെ പറഞ്ഞത്.