കായംകുളം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവ് കടലിൽ ചാടി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം മേട്ടുതറയിൽ സുരേഷ് - സിനി ദമ്പതികളുടെ മകൻ അഖിൽ (26) ആണ് ജീവനൊടുക്കിയത്.
ഞായറാഴ്ച രാത്രിയാണ് വീട്ടുകാർ ഫോൺ ഉപയോഗം ചോദ്യം ചെയ്‌തത്. തുടർന്ന് അഖിൽ വീട്ടിൽ നിന്നിറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഏഴോടെ ആറാട്ടുപുഴ പെരുമ്പള്ളി ജംഗ്‌ഷന് സമീപം കടലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇന്റീരിയർ ഡിസൈനറായിരുന്നു അഖിൽ. കുണ്ടറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ നിഖിൽ.