bus

ചെന്നൈ: നഗരത്തിലെ ബസ് സര്‍വീസുകള്‍ക്ക് ഇനി പണം കയ്യിലില്ലെങ്കിലും ആശങ്ക വേണ്ട. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ കയ്യില്‍ പണം ഇല്ലെങ്കിലും അക്കൗണ്ടില്‍ പണം ഉണ്ടായാല്‍ മതി. യുപിഐ സേവനം വഴി ടിക്കറ്റിന് പണം അടയ്ക്കാനുള്ള സൗകര്യമാണ് മെട്രോ നഗരത്തില്‍ വ്യാപകമാക്കുന്നത്.

പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ ഇ ടിക്കറ്റ് സംവിധാനമാണ് വ്യാപിപ്പിക്കുന്നത്. ഇ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

കാര്‍ഡ്, യുപിഐ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഇടിക്കറ്റ് സംവിധാനം. യുപിഐ വഴി പണം അടയ്ക്കുന്നതിന് ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവയിലൊന്നു തിരഞ്ഞെടുക്കാം. ഇതിനായി പ്രത്യേക യന്ത്രം ബസ് കണ്ടക്ടര്‍മാരുടെ കൈവശമുണ്ടാകും.

ബസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഇടിക്കറ്റ് സംവിധാനം വലിയ അനുഗ്രഹമാണ്. എംടിസി ബസുകളില്‍ ഇടിക്കറ്റ് സംവിധാനം നടപ്പാക്കണമെന്നു നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നു.

ഇതിന്റെ ഭാഗമായി നഗരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.