ksa-pak

റിയാദ്: റംസാന്‍ മാസത്തില്‍ പാകിസ്ഥാന് സമ്മാനവുമായി സൗദി അറേബ്യ. നൂറ് ടണ്‍ ഈന്തപ്പഴമാണ് സൗദി നല്‍കിയത്. റംസാന്‍ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് ഈന്തപ്പഴം അയച്ചിരിക്കുന്നത്. റംസാന്‍ കാലത്ത് നോമ്പ് മുറിക്കാന്‍ ഇസ്ലാം മത വിശ്വാസികള്‍ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് ഈന്തപ്പഴങ്ങള്‍.

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശപ്രകാരമാണ് സമ്മാനം അയച്ചിരിക്കുന്നതെന്ന് ഇസ്ലാമാബാദിലെ സൗദി എംബസിയില്‍ നിന്നുള്ള ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് സാധനം അയച്ചിട്ടുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സ്‌നേഹം സൗഹാര്‍ദ്ദം എന്നിവയുടെ അടയാളമാണ് ഈ സമ്മാന കൈമാറ്റമെന്ന് സൗദി അധികൃതര്‍ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര, പ്രതിരോധ മേഖലകളില്‍ വലിയ രീതിയിലുള്ള പരസ്പര സഹകരണമുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ സൗദിയെ അവരുടെ വീട്‌പോലെയാണ് കാണുന്നത്.

ലോകത്തെ ഈന്തപ്പഴ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് സൗദി. പ്രതിവര്‍ഷം 1.6 മില്യണ്‍ ടണ്‍ ഈന്തപ്പഴമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 1.7 മില്യണ്‍ ടണ്‍ ഉത്പാദനവുമായി ഈജിപ്താണ് ഒന്നാം സ്ഥാനത്തുള്ളത്.