
മനുഷ്യൻ എത്ര പുതിയ സാങ്കേതിക വിദ്യങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞാലും ഇന്നും നമ്മളിൽ നിന്ന് നിഗുഢമായി മറഞ്ഞിരിക്കുന്ന കലവറയാണ് സമുദ്രത്തിന്റെ അടിത്തട്ട്. കടലിന്റെ ആഴങ്ങളിലേക്ക് നിരവധി കപ്പലുകൾ മുങ്ങിപോയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ടൈറ്റാനിക് കപ്പൽ. ഇപ്പോഴും ശരിയായ രീതിയിൽ ടെെറ്റാനിക് കപ്പലിനെക്കുറിച്ച് വിശദമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ ആയിരക്കണക്കിന് കപ്പലുകൾ ഇപ്പോഴും സമുദ്രത്തിന് ഉള്ളിൽ ഉണ്ട്. ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഗവേഷകരും മറെെൻ സംഘവും ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു പുതിയ കപ്പലിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സ്വർണവും വെള്ളിയും മരതകങ്ങളും അടങ്ങുന്ന 2000കോടി രൂപ മൂല്യമുള്ള സ്‌പാനിഷ് കപ്പൽ 1708ൽ കരീബിയൻ തീരത്ത് തകർന്നെന്നാണ് റിപ്പോർട്ട്. കൊളംബിയൻ അധികൃതരാണ് ഈ നിധിയുള്ള കപ്പലിനെക്കുറിച്ച് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം മൂന്ന് നൂറ്റാണ്ടിന് മുൻപ് തകർന്ന ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് കൊളംബിയ സർക്കാർ. ആളില്ല റോബട്ടിക് പേടകങ്ങളെ കടലിനുള്ളിൽ വിട്ടാണ് പരിശോധന നടത്താൻ ശ്രമിക്കുന്നത്.
തെക്കൻ അമേരിക്കൻ കോളനികളിൽ നിന്ന് നൂറിലധികം സ്റ്റീൽ പെട്ടികളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നിറച്ച് സ്പെയ്നിലേക്ക് പുറപ്പെട്ട കപ്പലാണ് 1780ൽ തകർന്നതെന്നാണ് വിവരം. ഇതിൽ 200ടൺ ഭാരമുള്ള സ്വർണനാണയങ്ങൾ മാത്രം ഉണ്ടെന്നാണ് വിവരം. അന്ന് കടലിൽ നടന്ന യുദ്ധത്തിലാണ് കപ്പൽ തകർന്നതെന്നും പറയപ്പെടുന്നു. നിധി ഉൾപ്പെടെയുള്ള കപ്പലിനെക്കുറിച്ച് പിന്നെ ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ 2015ലാണ് തങ്ങളുടെ കടൽ മേഖലയിൽ ഈ കപ്പൽ ഉണ്ടെന്ന് കൊളംബിയ അറിയിക്കുന്നത്. പക്ഷേ എവിടെയാണ് ഈ കപ്പൽ കിടക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല.