
തിരുവനന്തപുരം : തൃശൂർ ലൂർദ് പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണ്. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂർദ് മാതാവിന് കിരീടം നൽകിയത്. തന്നെക്കാൾ അധികം നൽകുന്ന വിശ്വാസികൾ ഉണ്ടാകാം. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികൾക്ക് പ്രശ്നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ്ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമർപ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. അഞ്ച് പവൻ തൂക്കമുള്ള കിരീടം എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ചെമ്പുതകിടിൽ സ്വർണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. വിവാദത്തിന് പിന്നാലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പള്ളിവികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് കിരീടം പരിശോധിക്കുക. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും.