
പ്രേതബാധയുള്ള കുട്ടി. കാലങ്ങളായി നാം കേട്ടിട്ടുള്ള ഒരു വാചകമാണ്. കുറച്ചു കാലം മുമ്പ് വരെ ഒരു വ്യക്തി അസാധാരണമായി പെരുമാറുന്നത് കാണുമ്പോൾ അയാൾക്ക് പ്രേതബാധയാണ് എന്നായിരുന്നു ചുറ്റുമുള്ളവർ ആദ്യം പറഞ്ഞിരുന്നത്. ഒരു വിധം എല്ലാ സമൂഹങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. മാനസികാരോഗ്യത്തെപ്പറ്റി കാര്യമായ അവബോധമില്ലാത്ത കാലത്ത് അവർ അങ്ങനെ ചിന്തിച്ചതിൽ കുറ്റം പറയാനും പറ്റില്ല. എന്നാൽ കാലം മാറി. ഇത്തരത്തിലുള്ള അസാധാരണ പെരുമാറ്റങ്ങൾക്കു പിന്നിലുള്ള കാരണങ്ങൾ മനുഷ്യൻ കണ്ടെത്തി. അതിനുള്ള പരിഹാരങ്ങൾക്കായുള്ള ഗവേഷണങ്ങളിലാണ് വിദഗ്ദർ ഇപ്പോൾ.
ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ അഥവാ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഒരു വ്യക്തിക്ക് അയാളുടെയുള്ളിൽ ഒന്നിലധികം വ്യക്തിത്വം ഉള്ള അവസ്ഥയാണ്. ഓരോ വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഭൂതകാലവും വ്യക്തിത്വവുമുണ്ട്. എന്നാൽ ചില ആളുകൾ പലപ്പോഴും ഒന്നിലധികം 'വ്യക്തിത്വങ്ങളാൽ" നിയന്ത്രിക്കപ്പെടുന്നു, അതിനാൽ സാധാരണ ജീവിതവുമായി മുന്നോട്ടുപോകാൻ അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
ഒന്നിലധികം വ്യക്തിത്വങ്ങളും, വിഷാദം, ഉത്കണ്ഠ, ഓർമ്മക്കുറവ്, വികാരങ്ങളിൽ നിന്നുള്ള വേർപിരിയൽ, ഡിസോസിയേറ്റീവ് എപ്പിസോഡുകൾ, സ്വയം തിരിച്ചറിയാൻ സാധിക്കാതിരിക്കുക തുടങ്ങി ആത്മഹത്യാ ചിന്തകളിലേക്ക് വരെ നയിച്ചേക്കാവുന്ന ഒരു മാനസിക അവസ്ഥയാണ് ഇത്. കുട്ടിക്കാലത്തെ ആഘാതം, മുൻകാലങ്ങളിലെ മോശം അനുഭവങ്ങൾ എന്നിവയുടെ ഫലമായും ഈ അവസ്ഥ ഉണ്ടാകാം. ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ ചികിത്സയിൽ ടോക്ക് തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, സൈക്കോതെറാപ്പി എന്നിവ ഉൾപ്പെടുന്നു. നാഷണൽ അലയൻസ് ഓഫ് മെന്റൽ ഇൽനെസ് അനുസരിച്ച് ഈ ലക്ഷണങ്ങൾ അനുഭവിക്കുന്ന അമേരിക്കൻ ജനസംഖ്യയുടെ 2% മാത്രമേ ശരിയായ രോഗനിർണയം നടത്തിയിട്ടുള്ളൂ.
പത്തൊൻപതാം നൂറ്റാണ്ടിൽ ഈ അസുഖം അപസ്മാരമായും വൈകാരിക ആഘാതം മൂലം ഉറക്കത്തിൽ നടക്കുന്ന അവസ്ഥയായി പോലും തെറ്റായി നിർണയിക്കപ്പെട്ടിരുന്നു. എന്നാൽ 1885-ൽ ലൂയിസ് വിവെറ്റ് എന്ന വ്യക്തിയിലാണ് ആദ്യമായി ശരിയായ രീതിയിൽ ഈ അവസ്ഥ നിർണയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കേസ് ഈ രോഗാവസ്ഥയിലേക്ക് മെഡിക്കൽ ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവന്നു. 1898-ൽ ക്ലാര നോർട്ടൺ ഫൗളർ എന്ന രോഗിയിൽ ന്യൂറോളജിസ്റ്റുകൾ ശാസ്ത്രീയമായ രീതിയിൽ രോഗനിർണയം നടത്തി. 1906-ൽ സ്കീസോഫ്രീനിയ രോഗാവസ്ഥ കണ്ടുപിടിച്ചു, തുടർന്ന് 80-കൾ വരെ ഡി.ഐ.ഡി ഉൾപ്പെടെയുള്ള മിക്ക മാനസിക രോഗങ്ങളുടേയും അടിസ്ഥാനമായി സ്കീസോഫ്രീനിയയെ കരുതി.
ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ അവസ്ഥയിലുള്ളവർക്കായി ഒരു ദിനം മാറ്റി വയ്ക്കുന്നതിന് പല ലക്ഷ്യങ്ങളുണ്ട്. ആദ്യത്തേത്, രോഗം ബാധിച്ചവർക്ക് വ്യക്തിപരമായി അവരുടെ കഥകൾ പങ്കുവെക്കാനും വൈകല്യങ്ങൾ നന്നായി അറിയാത്തതോ മനസ്സിലാക്കാത്തതോ ആയ ലോകത്ത് സ്വയം സ്നേഹിക്കാനും അംഗീകരിക്കാനുമുള്ള വഴികൾ കണ്ടെത്തുക എന്നതാണ്. രണ്ടാമത്തെ ലക്ഷ്യം, ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോർഡർ എന്താണ് അർത്ഥമാക്കുന്നത്, ദൈനംദിന ജീവിതത്തിൽ അത് കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ എന്നിവ മനസ്സിലാക്കാൻ സാധാരണക്കാരെ സഹായിക്കുക, ഈ അവസ്ഥയെ കുറിച്ച് അവബോധം വളർത്തുക എന്നിവയാണ്. പൊതുവായ തെറ്റിദ്ധാരണകൾ മാറ്റി, മറ്റുള്ളവർ മനസ്സിലാക്കേണ്ട ഒരു അവസ്ഥയായി ഈ വൈകല്യത്തെ ലോകമെമ്പാടും അറിയപ്പെടുന്നതാക്കി മാറ്റുകയും ലക്ഷ്യങ്ങളിലൊന്നാണ്. ഭ്രാന്തൻ പുതപ്പിനോട് സാമ്യമുള്ള ബഹുവർണ്ണ ബോധവൽക്കരണ റിബൺ ഈ ദിവസത്തിന്റെ പ്രതീകമാണ്.