trading

ആലപ്പുഴ: സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ കവർന്ന കേസിൽ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കാവന്നൂർ ഏലിയാപറമ്പ് ഭാഗത്ത് എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), കാവനൂർ പഞ്ചായത്ത് 7-ാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ്(23) കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ കാവന്നൂർ ചിരങ്ങകുണ്ട് ഭാഗത്ത് പൂന്തല വീട്ടിൽ ഹാരിസ് (ചെറിയോൻ-35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ മാന്നാർ സ്വദേശിയായ വിദേശ മലയാളിയിൽ നിന്നാണ് ഇവർ 2.67കോടി രൂപ തട്ടിയെടുത്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട ശേഷം സെക്യോള ക്യാപി​റ്റൽ സ്​റ്റോക്ക് ട്രേഡിംഗ് ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വൻ ലാഭം നേടാമെന്നു അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾ തന്നെ കുഴൽപണം കൈമാറ്റം നടത്തുന്ന ആളുകൾക്ക് വൻതുക കമ്മീഷൻ നൽകി അവർ നൽകുന്ന വിവിധ അക്കൗണ്ടുകളിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗിലൂടെ മാറ്റി പണമായി സ്വീകരിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.