
''I am not a Malala Yusufzai because I am free and I am safe in my country, in my homeland Kashmir, which is part of India. I will never need to run away from my country and seek refuge in your country...""
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ട പഞ്ച് ഡയലോഗാണ് ഇത്! സംഭവം നടക്കുന്നത് ഇന്ത്യയിൽ അല്ല; ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ. കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയും മാദ്ധ്യമ പ്രവർത്തകയുമായ യാനാ മിർ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ രാജ്യത്തിനകത്തും പുറത്തും ചർച്ചയാവുകയാണ്. കാശ്മീരിന് എതിരെയും ഇന്ത്യയ്ക്കെതിരെയും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ആയിരുന്നു യു.കെയിലെ ജമ്മു കാശ്മീർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച 'സങ്കൽപ് ദിവസിനോട് " അനുബന്ധിച്ച് യാനയുടെ പ്രസംഗം.
യാനയുടെ
വാക്കുകൾ
'ഞാൻ മലാല യൂസഫ് സായ് അല്ല. അവരെപ്പോലെ എനിക്ക് ഒരിക്കലും മാതൃരാജ്യത്തു നിന്ന് ഓടിപ്പോകേണ്ടി വരില്ല. ഇന്ത്യയുടെ ഭാഗമായ എന്റെ ജന്മനാടായ കാശ്മീരിൽ ഞാൻ സ്വതന്ത്രയാണ്. എന്റെ വീട്ടിൽ ഞാൻ സുരക്ഷിതയുമാണ്. കാശ്മീർ ജനത അടിച്ചമർത്തപ്പെടുന്നു എന്നു പറഞ്ഞ് പുരോഗമന ചിന്താഗതിയുള്ള എന്റെ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിന്നും സ്വീകരിക്കുന്ന ടൂൾ കിറ്റുകളിലൂടെ അടിച്ചമർത്തലിന്റെ കഥകൾ മെനയുന്നതിനെയും ഞാൻ എതിർക്കുന്നു. ഇക്കൂട്ടർ ഒരിക്കൽപ്പോലും കാശ്മീർ സന്ദർശിച്ചവർ ആയിരിക്കില്ല". അതേസമയം, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ഉൾപ്പെടെ യാന രൂക്ഷമായി വിമർശിക്കുന്നു: 'മതത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണം. ഞങ്ങളെ തകർക്കാൻ നിങ്ങളെ അനുവദിക്കില്ല. ആയിരക്കണക്കിന് കാശ്മീരി അമ്മമാർക്ക് തീവ്രവാദംമൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിറുത്തൂ, കാശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ.' പ്രത്യേകാധികാര പദവി റദ്ദാക്കിയതിനു ശേഷം കാശ്മീരിലുണ്ടായ പുരോഗതിയെക്കുറിച്ചും യാന പ്രസംഗത്തിൽ പരാമർശിച്ചു.
സോഷ്യൽ മീഡിയ
കീഴടക്കി യാന
ബ്രിട്ടീഷ് പാർലമെന്റിൽ ഡൈവേഴ്സിറ്റി അംബാസഡർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം യാനാ മിർ നടത്തിയ പ്രസംഗം നിമിഷങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. എം.പിമാരായ ബോബ് ബ്ലാക്ക്മാൻ, വീരേന്ദ്ര ശർമ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തെരേസ വില്ലിയേഴ്സ് എം.പിയിൽ നിന്നാണ് യാന ഡൈവേഴ്സിറ്റി അംബാസഡർ അവാർഡ് ഏറ്റുവാങ്ങിയത്. യാന തന്നെ എക്സ് പ്ളാറ്റ്ഫോമിൽ വീഡിയോ പങ്കുവച്ചു. തുടർന്ന് നിരിവധി പേർ യാനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിലെത്തി. അതിനിടെ യാനയുടെ പ്രസംഗത്തെ രാഷ്ട്രീയവത്കരിക്കാനും ശ്രമങ്ങളുണ്ടായി.
പുരസ്കാരം സ്വീകരിച്ച് ഇന്ത്യയിൽ മടങ്ങിയെത്തിയ യാനയെ കാത്തുനിന്നത് വിവാദങ്ങളായിരുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു യാനയുടെ പരാതി. എന്നാൽ വിമാനത്താവളത്തിൽ നടന്നത് നിയമപ്രകാരമുള്ള പരിശോധനകൾ മാത്രമാണെന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാദം. ഈ സംഭവവും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
പ്രചോദനം
മുത്തച്ഛൻ
കാശ്മീരിലെ അനന്ത്നാഗിൽ ജനിച്ച യാനാ മിർ ശ്രീനഗറിൽ നിന്നുള്ള ആക്ടിവിസ്റ്റും പത്രപ്രവർത്തകയും ടെഡ് എക്സ് സ്പീക്കറുമാണ്. ഡൽഹിയിലും മുംബയിലും പഠനം പൂർത്തിയാക്കിയ യാന ജന്മനാട്ടിലെത്തി മാദ്ധ്യമ പ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ മുത്തച്ഛനാണ് യാനയുടെ ഉള്ളിൽ ധീരതയുടെ വിത്തുപാകിയതും ജന്മനാടിനായി പോരാടാൻ ഊർജ്ജം നൽകിയതും. നിലവിൽ ഫസ്റ്റ്പോസ്റ്റിലെ എഴുത്തുകാരിയും iTV നെറ്റ്വർക്ക് മാനേജിംഗ് എഡിറ്ററുമാണ് യാന. കൂടാതെ, ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യത്തെ വനിതാ യൂട്യൂബറും. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട് യാനയ്ക്ക്. സബർവാൻ ഗ്രൂപ്പിന്റെ സാമൂഹിക ക്ഷേമ വിഭാഗമായ ഓൾ ജമ്മു കാശ്മീർ യൂത്ത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ യാന നിരവധി സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.