
കൊച്ചി: കോതമംഗലം പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെ രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. എറണാകുളം ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസും അറസ്റ്റിലായി. കോതമംഗലം സമരപന്തലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷം നടന്നിരുന്നു. ഇതാണ് അറസ്റ്റിന് കാരണം.
കോൺഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം നടത്തിയത്. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധ സ്ഥലത്ത് നിന്നും മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് ഇന്ന് കൊല്ലപ്പെട്ടത്. 70 വയസുകാരിയെ കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. എറണാകുളത്തുനിന്ന് പെരിയാർ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാർ തുരത്തിയിരുന്നു. ഇതിനിടെ ആന നേര്യമംഗലത്തേയ്ക്ക് കടന്നു.