
തിരുവനന്തപുരം: ചാക്കയിൽ നാടോടി കുടുംബത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻ കുട്ടി എന്ന അബു (50) ലൈംഗിക വൈകൃതത്തിന് അടിമയെന്ന് അന്വേഷണ സംഘം. നാടോടി സംഘത്തിലെ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയശേഷം പീഡിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് വിവരം.
മുമ്പ് ആൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചെന്ന് സൂചനയുണ്ട്.
കൊല്ലവും വർക്കലയുമാണ് ഇയാളുടെ പ്രധാന കേന്ദ്രങ്ങളെന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ രീതിയിലും അന്വേഷണം
നടക്കുന്നുണ്ട്. പ്രതിയെ 18 വരെ റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി ഇന്നോ നാളെയോ കസ്റ്റഡിയിൽ വാങ്ങിയേക്കും.
ജനുവരി 12നാണ് കൊല്ലം ജില്ലാ ജയിലിൽ നിന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഫെബ്രുവരി 19നാണ് ആൾ സെയിന്റ്സ് കോളേജിന് സമീപത്തുനിന്ന് രാത്രി 12ഓടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപിടിച്ചതിനാൽ കുട്ടിക്ക് മരണം വരെ സംഭവിക്കാമായിരുന്നെന്ന് വിലയിരുത്തിയാണ് പൊലീസ് പ്രതിക്കെതിരെ വധശ്രമം ചുമത്തിയിട്ടുള്ളത്. പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ട് പോയതിനാൽ പോക്സോ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.
കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചതിനെ തുടർന്ന് ബോധരഹിതയായ കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതി മുങ്ങുകയായിരുന്നു. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ കുട്ടിക്ക് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വി.പി.പ്രവീൺ കുമാർ ഹാജരായി.
അതേസമയം പ്രതി കുട്ടിയെ തട്ടിയെടുത്തത് എന്തിന്, എങ്ങോട്ട് കൊണ്ടുപോകാനായിരുന്നു ഉദ്ദേശ്യം, ആരെങ്കിലും സഹായിക്കാനുണ്ടായിരുന്നോ,പൊലീസ് തെരഞ്ഞപ്പോൾ എവിടെ ഒളിച്ചിരുന്നു എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തെളിവെടുപ്പിലൂടെ അറിയാമെന്നാണ് പൊലീസ് നിഗമനം.