
ഋതുമതിയായാൽ ഉടൻ പെൺമക്കളെ വിൽക്കുന്ന ഒരു ഗോത്ര വിഭാഗം ഈ ലോകത്തുണ്ട്. ഇസ്രയേൽ - പാലസ്തീൻ അതിർത്തിയിലെ വാദി ക്വെൽറ്റ് താഴ്വരയിൽ ജീവിക്കുന്ന നാടോടികൾ. പെൺകുട്ടികളെ 50 ആടുകൾക്ക് പകരമായി വിൽക്കണമെന്നാണ് വിചിത്രാചാരം. വാങ്ങുന്നയാൾക്ക് അവളെ വിവാഹം കഴിക്കുകയോ ലൈംഗികാടിമയാക്കി വയ്ക്കുകയോ ചെയ്യാം. റഷ്യൻ ഡോക്യുമെന്ററി സംവിധായകനായ ഇവാൻ വോദിയാണ് ഈ ജീവിതം പുറംലോകത്തെ അറിയിച്ചത്. 2016ലാണ് വോദി ആദ്യമായി ഈ താഴ്‌വരയിലെത്തിയത്.
ആർത്തവം തുടങ്ങിയാൽ പെൺകുട്ടികളെ സ്വന്തം വീട്ടിൽ കഴിയാൻ അനുവദിക്കില്ല. 50 ആടുകൾക്ക് പകരമായി പെൺകുട്ടിയെ നൽകും. അറിവാകുന്ന കാലം മുതൽ കൈമാറ്റം ചെയ്യുന്നതുവരെ പെൺകുട്ടികൾക്ക് അച്ഛനും സഹോദൻമാരുമല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാൻ അനുവാദമില്ല. വിവാഹശേഷം ഭർത്താവിനോടല്ലാതെ മറ്റൊരാളോടും മിണ്ടാനും പാടില്ല. കുട്ടികളെ പ്രസവിക്കുക, വീട്ടുകാര്യം നോക്കുക. അതുമാത്രമായി അവരുടെ ജീവിതം മാറും. സ്‌കൂൾ പഠനത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. താഴ്‌വരയ്‌ക്ക് പുറത്തുള്ള മനുഷ്യരെക്കുറിച്ച് അറിയുകപോലുമില്ല.
താഴ്‌വരയിലെ സക്കൂറ എന്ന പെൺകുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇവാൻ വോദി ഡോക്യുമെന്ററി എടുത്തത്. ഏഴ് വയസാണ് അവൾക്ക്. മോസ്‌കോയിലേക്ക് കൊണ്ടുപോയി 12 വയസ് വരെ വളർത്തിയശേഷം വേണമെങ്കിൽ വിവാഹം കഴിച്ചോളൂ എന്നാണ് സക്കൂറയുടെ പിതാവ് അരാഫത്ത് തന്നോട് പറഞ്ഞതെന്ന് സംവിധായകൻ പറയുന്നു. ഇവിടെ താമസിച്ചാൽ തന്റെ മകൾക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അരാഫത്ത് തുറന്നു പറഞ്ഞു. സക്കൂറയടക്കമുള്ള പെൺകുട്ടികളെ രക്ഷിക്കാൻ കുറേക്കൂടി ആഴത്തിലൊരു ഡോക്യുമെന്ററി ചിത്രീകരിക്കാനാണ് വോദിന്റെ തീരുമാനം.