
കൊല്ലം: കടുത്ത വേനൽ വരൾച്ചയിലേയ്ക്ക് വഴിമാറിയതോടെ ജലചൂഷണവും മോഷണവും തടയാൻ സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിമാക്കി വാട്ടർ അതോറിറ്റി. സൂപ്രണ്ടിംഗ് എൻജിനിയറുടെ പരിധിയിൽ ഉൾപ്പെടുന്ന ജില്ലയിലെ ഏഴ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം.
ഇതിന് പുറമെ അസി. എൻജിനിയറും മീറ്റർ റീഡർമാരും സാങ്കേതിക വിഭാഗം ജീവനക്കാരും ഉൾപ്പെടുന്ന സ്‌പെഷ്യൽ സ്‌ക്വാഡും സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡത്തിന് വിരുദ്ധമായി ജലം ഉപയോഗിക്കുന്നതും സ്‌ക്വാഡുകൾ കണ്ടെത്തും. മാനദണ്ഡ പ്രകാരം കുടിവെള്ളത്തിന് ഒന്നാം സ്ഥാനവും ഗാർഹിക ആവശ്യത്തിന് രണ്ടാം സ്ഥാനവുമാണുള്ളത്. കന്നുകാലി പരിപാലനവും വ്യാവസായിക ആവശ്യവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. നിർമ്മാണാവശ്യങ്ങൾക്ക് പൊതു സ്രോതസുകളിലെ ജലം ഉപയോഗിക്കുന്നതിന് തത്കാലം അനുമതിയില്ല.
ജലം പാഴാക്കുന്നത് കണ്ടെത്തിയാൽ പരമാവധി രണ്ട് തവണ താക്കീത് നൽകും. വീണ്ടും ആവർത്തിച്ചാൽ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും പിഴ തീരുമാനിക്കുക. പ്രത്യേക സാഹചര്യത്തിൽ കണക്ഷൻ റദ്ദാക്കാനും സാദ്ധ്യതയുണ്ട്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ ഗാർഹിക കണക്ഷനുകൾ തത്കാലം നിറുത്തിവയ്ക്കാനും അനൗപചാരിക തീരുമാനമുണ്ട്. ജല സ്രോതസുകളുടെ നില അത്ര മെച്ചമല്ലെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കുറ്റകരമായ പ്രവൃത്തികൾ
 പൊതുടാപ്പുകളിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം ശേഖരിക്കൽ
 പൊതു പൈപ്പ് ലൈനിൽ നിന്ന് വെള്ളം ചോർത്തൽ
 ഗാർഹിക കണക്ഷനുകളിൽ മീറ്റർ പോയിന്റിൽ നിന്നല്ലാതെ വെള്ളമെടുക്കൽ
 പൊതുടാപ്പുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വാഹനം കഴുകൽ
ജലം പാഴാക്കിയാൽ പിഴ - ₹ 2000 - 25000 വരെ
ജല ചൂഷണം കണ്ടുപിടിക്കുന്നതിനൊപ്പം പൊതുലൈനുകളിലെ ചോർച്ച കണ്ടെത്തി ജലശോഷണം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിച്ചു.
വാട്ടർ അതോറിട്ടി അധികൃതർ