market

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നാളെ നടക്കുന്ന ധന അവലോകന തീരുമാനം കാത്തിരിക്കുകയാണ് ഇന്ത്യൻ ധനകാര്യ മേഖല. മുഖ്യ പലിശ കുറയ്ക്കുന്നതിനെ കുറിച്ചുള്ള സൂചന നാളെ ഫെഡറൽ റിസർവ് നൽകുമെന്നാണ് കരുതുന്നത്. ഓഹരി, നാണയ, ക്രൂഡോയിൽ, കടപ്പത്ര വിപണികളുടെ മുന്നോട്ടുള്ള നീക്കത്തെ തീരുമാനം സ്വാധീനിക്കും. അമേരിക്കയിൽ നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണ വിധേയമല്ലാത്തതിനാൽ ഇത്തവണ പലിശ കുറയാൻ സാദ്ധ്യതയില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വരും മാസങ്ങളിൽ പലിശ കുറയുമോയെ സൂചന നാളെ നൽകിയേക്കും. പലിശ കുറയ്ക്കാനുള്ള തീരുമാനമുണ്ടായാൽ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യവും മെച്ചപ്പെട്ടേക്കും.

ബാങ്ക് ഒഫ് ഇംഗ്ളണ്ട്, ബാങ്ക് ഒഫ് ജപ്പാൻ എന്നിവയുടെയും പലിശ നിരക്ക് സംബന്ധിച്ച തീരുമാനം ഈ ആഴ്ചയിലുണ്ടാകും.

പലിശ ഉയർത്താൻ ഒരുങ്ങി ബാങ്ക് ഒഫ് ജപ്പാൻ

പതിനേഴ് വർഷത്തിന് ശേഷം ജപ്പാനിൽ നെഗറ്റീവ് പലിശ നിരക്ക് ഒഴിവാകുമെന്നാണ് പ്രവചിക്കുന്നത്. ഇന്ന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ നിക്ഷേപങ്ങൾക്ക് 0.1 ശതമാനം പലിശ നൽകാനുള്ള തീരുമാനമുണ്ടായേക്കും. ഇതുവരെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവരിൽ നിന്ന് അധിക തുക പിടിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നതിനെ കുറിച്ച് ജപ്പാനിലെ ബാങ്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു.

നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ വിപണിയിലെ പണലഭ്യത കുറയ്ക്കാനാണ് ജപ്പാനിലെ കേന്ദ്ര ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നൽകാൻ തീരുമാനിക്കുന്നത്.

കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 105 പോയിന്റ് ഉയർന്നു

ഡോളറിനെതിരെ രൂപ നാല് പൈസ നഷ്ടവുമായി 82.90 ൽ

അമേരിക്കയിൽ പലിശ കൂടിയാൽ വിദേശ നിക്ഷേപ ഒഴുക്ക് കൂടും