
ശ്രേയയെന്ന പത്താംക്ലാസ് വിദ്യാർത്ഥിനി പരീക്ഷയെഴുതിയത് അച്ഛന്റെ വിയോഗത്തിൽ തകർന്ന മനസുമായി. പാലക്കാട് മുതലമട പുളിയന്തോണി സ്വദേശി ശ്രേയയുടെ അച്ഛൻ ശിവൻ കാൻസറും പക്ഷാഘാതവും മൂലം ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യസ്ഥിതി മേശമായി വൈകിട്ടോടെ മരിച്ചു. അച്ഛന്റെ വേർപാട് നൽകുന്ന വേദന കടിച്ചമർത്തിയാണ് 15കാരി ഇന്നലെ വടവന്നൂർ വി.എം.എച്ച്.എസിൽ പരീക്ഷയെഴുതാനെത്തിയത്.
അച്ഛന്റെ ആഗ്രഹമായിരുന്നു പഠിച്ച് നല്ലമാർക്ക് നേടണമെന്നതും ജോലി നേടുകയെന്നതും. ഏതു പ്രതിസന്ധിയിലും വിദ്യാഭ്യാസം പാതിയിൽ നിറുത്തുകയോ പരീക്ഷ എഴുതാതിരിക്കുകയോ ചെയ്യില്ലെന്ന് ശ്രേയ അച്ഛന് ഉറപ്പ് നൽകിയിരുന്നു. അച്ഛന് കൊടുത്ത വാക്ക് പാലിക്കാനാണ് അന്ത്യകർമ്മങ്ങൾക്ക് പോലും കാത്തുനിൽക്കാതെ ശ്രേയ പരീക്ഷയ്ക്കെത്തിയത്.
വീട്ടിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ നിറപുഞ്ചിരിയോടെ പരീക്ഷ എന്തായി എന്ന് ചോദിക്കാൻ ഇനി അച്ഛനുണ്ടാകില്ലെന്ന നീറുന്നവേദന അവൾ കടിച്ചമർത്തി. പാഠഭാഗങ്ങൾ നേരത്തേ പഠിച്ചുതീർത്തിരുന്നെന്നും പരീക്ഷ ഭേദപ്പെട്ടനിലയിൽ എഴുതിയെന്നും ശ്രേയ പറയുന്നു.
മീങ്കരയിൽ മത്സ്യത്തൊഴിലാളിയായിരുന്ന വി.ശിവന്റെ (45) മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് ശ്രേയ. രണ്ടാമത്തെ മകൾ ശ്രുതി മുതലമട ഗവ ഹൈസ്‌കൂളിൽ എട്ടാംക്ലാസിലും ഇളയമകൾ ശ്രദ്ധ നെണ്ടൻകിഴായ ഗവ.ഹൈസ്‌കൂളിൽ ആറാംക്ലാസിലും പഠിക്കുന്നു. അച്ഛൻ കിടപ്പിലായതോടെ അമ്മ ശശികല കൂലിപ്പണി ചെയ്ത് കിട്ടുന്ന തുകയിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.
മുരുകൻകുട്ടി, നാരായണൻകുട്ടി, കൃഷ്ണൻകുട്ടി എന്നിവരാണ് ശിവന്റെ സഹോദരങ്ങൾ. ഇതിൽ മുരുകൻകുട്ടി ഡൽഹിയിൽ കേന്ദ്ര സേനയിലാണ്. മുരുകൻകുട്ടി നാട്ടിലെത്തുന്ന സമയം കണക്കാക്കിയാണ് സംസ്കാരച്ചങ്ങ് രാവിലെ 9.30ന് നിശ്ചയിച്ചത്. എന്നാൽ ഈ സമയം പരീക്ഷ എഴുതേണ്ടതിനാൽ ശ്രേയ രാവിലെ എട്ടരയ്ക്ക് തന്നെ അച്ഛനെ തൊഴുത് ഇറങ്ങുകയായിരുന്നു. രാവിലെ 9.30ഓടെ പട്ടഞ്ചേരി വാതക ശ്മശാനത്തിൽ സംസ്കാരം നടന്നു.
പഠനത്തിലും കലാ- കായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർത്ഥിയാണ് ശ്രേയയെന്ന് വി.എം.എച്ച്.എസിലെ അദ്ധ്യാപകർ പറയുന്നു. സംസ്കാര ചടങ്ങുകൾക്ക് കാത്തുനിൽക്കാതെ പരീക്ഷയ്ക്ക് വരുന്നത് ദേശക്കാരും ബന്ധുക്കളും എതിർത്തിരുന്നു. അച്ഛന് കൊടുത്ത വാക്ക് പാലിക്കുമെന്ന് ശ്രേയ നിലപാടെടുത്തതും അദ്ധ്യാപകരുടെ ഇടപെടലുമാണ് പരീക്ഷയെഴുതാൻ കാരണമായത്.