j

സംസ്ഥാനത്തെ കലാലയ രാഷ്ട്രീയം അതിന്റെ സകല സീമകളും ലംഘിച്ച് വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കുന്നിടം വരെ എത്തിയതോടെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവിനാണ് സാദ്ധ്യതയേറിയിക്കുന്നത്. വയനാട് പൂക്കോട് സർക്കാർ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായ ജെ.എസ് സിദ്ധാർത്ഥൻ അതേ കോളേജിലെ വിദ്യാർത്ഥികളുടെ ആൾക്കൂട്ട ആക്രമണത്തിനിരയാകുകയും തുടർന്നുണ്ടായ ദുരൂഹമായ മരണത്തിലും കലാശിച്ച സംഭവം കേരളസമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയാണ് ഈ സംഭവം ഭീതിയിലാഴ്ത്തുന്നത്. സിദ്ധാർത്ഥന്റെ സഹപാഠികളടക്കം 18 പേരാണ് സംഭവത്തിൽ പ്രതികളായി അറസ്റ്റിലായത്.

തങ്ങളുടെ മക്കളെ കോളേജുകളിലേക്ക് എന്ത് ധൈര്യത്തിൽ പറഞ്ഞയയ്ക്കുമെന്നാണ് രക്ഷാകർത്താക്കളുടെ ചോദ്യം. ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിലെ സി.ആർ അമൽ എന്ന വിദ്യാർത്ഥിക്കും ആൾക്കൂട്ട വിചാരണയിൽ മർദ്ദനമേറ്റത്. സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും അതിനൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് സർക്കാർ, എയ്ഡഡ് കോളേജുകളിലും സർവ്വകലാശാലാ ക്യാമ്പസുകളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ അക്രമവും കത്തിക്കുത്തും കൊലപാതകങ്ങളും വരെ അരങ്ങേറുന്നത്. ചില സ്വകാര്യ മാനേജ്മെന്റ് കോളേജുകളിലും സ്വാശ്രയ മാനേജ്മെന്റ് സ്ഥാപനങ്ങളിലും മാത്രമാണ് ഹൈക്കോടതി ഉത്തരവ് മാനിച്ച് കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും നീചവും ഹീനവുമായ സംഭവമാണ് വയനാട്ടിലെ വെറ്ററിനറി കോളേജിൽ അരങ്ങേറിയതെന്നാണ് ഓരോ ദിവസവും ഇതുസംബന്ധിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐ എന്ന ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമാണ് കേരളത്തിലെ സർവ്വ കലാലയങ്ങളിലെയും അക്രമങ്ങളിൽ പ്രതിസ്ഥാനത്തുള്ളത്. ഭരണത്തിന് ചുക്കാൻ പിടിക്കുന്ന സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ എല്ലാവിധ അക്രമങ്ങൾക്കും കുടപിടിക്കുന്ന സി.പി.എമ്മിന്റെ സമീപനമാണ് കുട്ടിക്കുരങ്ങന്മാർക്ക് അഴിഞ്ഞാടാനുള്ള ലൈസൻസായി മാറിയിരിക്കുന്നത്. അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയും പുറത്ത് നിന്ന് രാഷ്ട്രീയ പാർട്ടിയുടെ സംരക്ഷണവും ഇവർക്ക് ലഭിക്കുന്നതിനാൽ പൊലീസും നിയമസംവിധാനങ്ങൾ പോലും നോക്കുകുത്തിയായി നിൽക്കുന്നത് അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു. നല്ലനിലയിൽ പഠിച്ച് പുറത്തിറങ്ങാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെയാണ് ഇത് അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നത്. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയവും സാമൂഹികവുമായ അറിവുകൾ പകർന്നു നൽകാനും സമൂഹത്തിൽ നല്ല പൗരന്മാരായി വളരാനും ഒക്കെ ഉതകുമെന്നാണ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും രാഷ്ട്രീയം കൊണ്ടുവന്ന ഭരണാധികാരികൾ ന്യായീകരണമായി പറഞ്ഞിരുന്നത്. എന്നാൽ പിൽക്കാലത്ത് നേതാക്കളായി മാറാനുള്ള പരിശീലന കളരിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തെ മാറ്റിയതോടെയാണ് അതിന് അക്രമത്തിന്റേതായ രൗദ്രഭാവവും കൈവന്നത്. എതിർ രാഷ്ട്രീയക്കാരെ അക്രമത്തിലൂടെ അടിച്ചൊതുക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റിയതോടെയാണ് വിദ്യാലയരാഷ്ട്രീയത്തിനുണെന്ന് അവകാശപ്പെട്ടിരുന്ന നന്മയുടെ വശങ്ങൾ കൈമോശം വന്നത്.

ഇന്ന് മിക്ക കലാലയങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയതിന്റെ കൂടി ഫലമാണ് അവിടെയുണ്ടാകുന്ന അക്രമ സംഭവങ്ങളെന്നത് രഹസ്യമല്ല. വിദ്യാർത്ഥികളുടെ രാഷ്ട്രീയത്തിനനുസരിച്ച് തുള്ളുന്ന മരപ്പാവകളായി ചില അദ്ധ്യാപക, അനദ്ധ്യാപക സംഘടനകൾ കൂടി മാറിയതോടെയാണ് കലാലയങ്ങൾ അരാജകത്വത്തിന്റെ വിളഭൂമികളായി മാറിയത്. അദ്ധ്യാപകരോടും പ്രിൻസിപ്പൽമാരോടുമൊക്കെ ഉണ്ടാകേണ്ട ബഹുമാനവും ആദരവും വിദ്യാർത്ഥികൾക്ക് കൈമോശം വന്നതിൽ പ്രധാന പങ്ക് ഇത്തരം അദ്ധ്യാപക സംഘടനകൾക്കുമുണ്ടെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭരണം ആയതിനാലാണ് വിദ്യാർത്ഥി സംഘടനയുടെ അക്രമവിളയാട്ടം കലാലയ കാമ്പസുകളിൽ മാത്രമായി ഒതുങ്ങുന്നത്. എന്നാൽ സംസ്ഥാന ഭരണം മാറി ഇടതുപക്ഷം പ്രതിപക്ഷത്തായാൽ പിന്നെ തെരുവുകളും യുദ്ധക്കളമായി മാറുന്ന സ്ഥിതിയാകും ഉണ്ടാകുമെന്നതാണ് മുൻകാല അനുഭവം.

കുത്തഴിഞ്ഞ്

ഉന്നതവിദ്യാഭ്യാസ രംഗം

ഭരിക്കുന്നവരുടെ രാഷ്ട്രീയം സർവകലാശാലകളിലും പ്രയോഗിക്കുന്നതിന്റെ ഫലമായി വൈസ്ചാൻസലർമാരായി ഇഷ്ടക്കാരെ നിയമിക്കുകയും വ്യാപകമായ പിൻവാതിൽ നിയമനവും മൂലം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം ഏറെക്കുറെ കുത്തഴിഞ്ഞ നിലയിലാണിപ്പോൾ. വൈസ്ചാൻസലർമാരായി ഇഷ്ടക്കാരെ യോഗ്യത നോക്കാതെ നിയമിക്കുന്ന രീതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടാണ് തടയിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സർക്കാരിന് തിരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം ആ ബില്ലിന് അംഗീകാരം നൽകാതെ രാഷ്ട്രപതി തിരിച്ചയത്. അതോടെ ഗവർണർ സർവ്വകലാശാലകളുടെ സർവാധികാരിയായി മാറിയതും സർക്കാരിന് തിരിച്ചടിയായി. ഇനിമുതൽ ചാൻസലറായ ഗവർണറായിരിക്കും വി.സി നിയമനത്തിൽ സർവാധികാരി. ഗവർണറും സർക്കാരും തമ്മിൽ ദീർഘനാളായി നിലനിന്ന തർക്കം മൂലം പത്തോളം സർവ്വകലാശാലകളിൽ ഇപ്പോഴും വൈസ്ചാൻസലർമാരെ നിയമിക്കാനായിട്ടില്ല. വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ച പൂക്കോട് വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത നടപടി സർക്കാരിനെ അമ്പരപ്പിച്ചെങ്കിലും പൊതുസമൂഹത്തിൽ നിന്ന് ഗവർണർക്ക് കൈയ്യടി നേടിക്കൊടുത്ത സംഭവമാണത്.

വിദേശത്തേക്ക്

വിദ്യാർത്ഥികളുടെ ഒഴുക്ക്

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി എം. ബിന്ദുവും അടിയ്ക്കടി പറയുന്നുണ്ട്. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ബിന്ദു അടുത്തിടെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തികരംഗങ്ങളിൽ പ്രകടമായ മാറ്റത്തിന് വഴിതെളിക്കുന്ന പ്രവണതയാണ് വിദ്യാർത്ഥികളുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം. എന്തുകൊണ്ട് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് ഹയർ സെക്കൻഡറി, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കിടയിൽ അടുത്തിടെ നടത്തിയ സർവെ പ്രകാരം ഉയർന്ന വേതനമുള്ള ജോലിയാണ് കൂടുതൽ പേരെയും വിദേശത്തേക്ക് ആകർഷിക്കുന്നതായി കണ്ടെത്തിയത്. പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അവസരം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. ഇവിടെ അങ്ങനെയൊരു സംവിധാനമില്ല. കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ അരങ്ങേറുന്ന അക്രസംഭവങ്ങളിൽ നല്ലൊരു വിഭാഗം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആശങ്കാകുലരാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം, വിദേശത്തുള്ള മലയാളികൾ പണമയയ്ക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ്. കുടിയേറ്റത്തിന് തടയിടാൻ ശ്രമിക്കുന്ന ചില ക്രൈസ്തവ സഭകൾ സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും സർക്കാർ ജോലികളോട് യുവാക്കൾക്കിടയിൽ താത്പര്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ ആരംഭിച്ചു. സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ പങ്കെടുക്കാൻ യുവാക്കളെ സജ്ജരാക്കുന്ന പരിപാടികൾക്കാണ് സഭകൾ മുൻതൂക്കം നൽകുന്നത്. കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിന് അറുതി വന്നില്ലെങ്കിൽ കേരളത്തോട് 'ഗുഡ്ബൈ' പറയുന്ന വിദ്യാർത്ഥികളെ പിടിച്ചു നിറുത്താൻ സർക്കാരിന്റെ പദ്ധതികൾക്കൊന്നും കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നതിൽ തർക്കമില്ല.