
തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ മൂർഖൻ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിർന്ന യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പള്ളി സ്വദേശി സുനിൽ കുമാറിനാണ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരും പൊലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു.
നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ സുനിൽ കുമാർ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരുകയായിരുന്നു. പൊലീസും സുരക്ഷാ ജീവനക്കാരും ഇയാളോട് പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അര മണിക്കൂറോളം ഇയാൾ പാമ്പുമായി സാഹസം കാട്ടി. പിന്നാലെ കടിയേൽക്കുകയായിരുന്നു. കടിയേറ്റതിന് ശേഷം ഇയാൾ പാമ്പിനെ സുരക്ഷാ ജീവനക്കാരുടെ ക്യാബിന് നേരെ വലിച്ചെറിഞ്ഞു.
ശേഷം നിലത്തുവീണ സുനിൽ കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ആറ് മണിയോടെ പാമ്പു പിടുത്തക്കാർ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്.