
മാറിവരുന്ന കാലാവസ്ഥ എല്ലാവരുടെയും ചർമത്തെ വളരെയേറെ ദോഷമായി ബാധിക്കും. അതിനാൽ ചർമത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി നിലവിലുള്ളതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഹൈഡ്ര ഫേഷ്യൽ. ഒറ്റ ദിവസംകൊണ്ട് നിങ്ങളുടെ ചർമ പ്രശ്നങ്ങളെ മാറ്റിമറിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യകത. എന്നാൽ, ഈ ഫേഷ്യൽ ചെയ്യാൻ ഭീമമായ തുക ആവശ്യമാണ്. ഈ പണം കയ്യിലില്ലാത്തവർക്ക് വീട്ടിൽ തന്നെ ഹൈഡ്ര ഫേഷ്യൽ ചെയ്യാം. അതും വളരെ കുറഞ്ഞ ചെലവിൽ ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ട രീതി എങ്ങനെയാണെന്നും നോക്കാം.
സ്റ്റെപ്പ് 1 - ക്ലെൻസിംഗ്
ഒരു സ്‌പൂൺ മുൾട്ടാണി മിട്ടിയിലേക്ക് ഒരു സ്‌പൂൺ വെള്ളരി ജ്യൂസ് ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 2 മിനിട്ട് നന്നായി മസാജ് ചെയ്‌ത ശേഷം കഴുകി കളയാവുന്നതാണ്.
സ്റ്റെപ്പ് 2 - സ്ക്രബ്
ഒരു സ്‌പൂൺ കടലമാവ്, അര സ്‌പൂൺ മുൾട്ടാണി മിട്ടി, ഗ്ലിസറിൻ - 1 ടീസ്‌പൂൺ, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. അഞ്ച് മിനിട്ട് നന്നായി സ്ക്രബ് ചെയ്‌ത ശേഷം കഴുകി കളയാവുന്നതാണ്.
സ്റ്റെപ്പ് 3 - സിറം
ഒരു സ്‌പൂൺ റോസ് വാട്ടർ, ഗ്ലിസറിൻ, തേൻ എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ സിറം പുരട്ടിക്കൊടുക്കുക. പത്ത് മിനിട്ട് കഴിയുമ്പോൾ ഇത് നന്നായി ഉണങ്ങും അപ്പോൾ ഒന്നുകൂടി ഈ സിറം പുരട്ടിക്കൊടുക്കണം. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിച്ച് ചെയ്യുക. ഉണങ്ങുമ്പോൾ മുഖം നന്നായി കഴുകി സൺസ്ക്രീൻ പുരട്ടണം. രാത്രിയാണ് ചെയ്യുന്നതെങ്കിൽ മോയ്‌ചറൈസർ പുരട്ടിയ ശേഷം കിടന്ന് ഉറങ്ങാവുന്നതാണ്.