
എട്ട് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളെ അമ്പലങ്ങളിലേക്ക് ദാനമായി നൽകുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരില്ല. എന്നാൽ ഇത്തരമൊരു കാടൻ ആചാരം ആഫ്രിക്കയിലുമുണ്ട്. 'ട്രോകോസി' എന്നാണ് ഇതിന്റെ പേര്. ഘാനയിലെ തോഗോയിലും ബെനീനിലും ചില ഗോത്രവിഭാഗങ്ങളുടെ ആചാരമാണിത്. പന്ത്രണ്ട് വയസു തികഞ്ഞ പെൺകുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ദൈവങ്ങളുടെ ഭാര്യയാകുക എന്നതാണ് ഈ ആചാരത്തിന്റെ ഭാഗമാകുന്നവരുടെ നിയോഗം.
ചെയ്തുപോയ പാപങ്ങൾക്കായി കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഇവർ ബലി നൽകുന്നു. പക്ഷേ ചില ദൈവങ്ങൾക്ക് മനുഷ്യനെയാണ് ആവശ്യം. ജീവൻ ബലി നൽകുകയല്ല എന്നാൽ ചെയ്തുപോയ തെറ്റിൽ നിന്ന് മോചനം നേടാൻ ഒറ്റപ്പെട്ട് ജീവിക്കുക എന്നതാണ് ദൈവഹിതം. കുടുംബം ചെയ്ത പാപങ്ങൾ കഴുകിക്കളയാൻ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട് ആശ്രമങ്ങളിൽ ശിഷ്ടജീവിതം നയിക്കണം.
1998ൽ ട്രോകോസി നിയമംമൂലം നിരോധിക്കപ്പെട്ടതാണ് . എന്നാൽ 20 വർഷങ്ങൾക്കിപ്പുറവും ഇത് തുടരുകയാണ്. ഇപ്പോഴും നിരവധി കുട്ടികളാണ് ഇങ്ങനെ ഭാര്യമാരായി ഒറ്റപ്പെട്ട്, ബാല്യം നഷ്ടപ്പെട്ട് ആശ്രമങ്ങളിൽ കഴിയുന്നത്. അച്ഛനമ്മമാർ ഉൾപ്പെടെയുള്ളവരാണ് കുട്ടികളെ ഈ ആചാരത്തിലേക്ക് തള്ളിവിടുന്നത്. അതിനാൽ കാട്ടിനുള്ളിൽ ഒറ്റപ്പെട്ട വീടുകളിൽ ജീവിച്ചു തീർക്കുകയല്ലാതെ മറ്റ് മാർഗമില്ല. കന്യകകളായ ഈ പെൺകുട്ടികളെ ആശ്രമത്തിലെ പുരോഹിതൻമാരും ക്ഷേത്രത്തിലെ മുതിർന്നവരും ലെെംഗികമായി ചൂഷണം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. 'ട്രോകോസി' എന്ന സംവിധാനം എപ്പോഴാണ് ആരംഭിച്ചതെന്ന് വ്യക്തമല്ല.