
പങ്കാളിയുമായുള്ള ആരോഗ്യകരവും സുരക്ഷിതമായ ലൈംഗിക ബന്ധം എപ്പോഴും നല്ലതാണെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. പരസ്‌പരം ആസ്വദിക്കുന്നുണ്ടെങ്കിൽ സെക്‌സിന് കാലമോ പ്രായമോ സമയമോ സന്ദർഭമോ നോക്കേണ്ടതില്ലെന്നും ഇക്കൂട്ടർ പറയുന്നു. ലൈംഗിക ബന്ധം വ്യക്തികളിൽ അമിത രക്തസമ്മർദ്ദം ഇല്ലാതാക്കുമെന്നും ഹൃദയാഘാതം വരാനുള്ള സാദ്ധ്യതകൾ കുറയ്‌ക്കുമെന്നും വിവിധ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1. ഉന്മേഷം പ്രദാനം ചെയ്യുന്നു
സുരക്ഷിതമായ ലൈംഗിക ബന്ധം തലച്ചോറിലെ നാഡികൾ ഉണർന്നിരിക്കാൻ സഹായിക്കും. ഇത് ദിവസം മുഴുവൻ ഉന്മേഷ പ്രദമായി ജോലികൾ ചെയ്യാനുള്ള ഊർജം പ്രദാനം ചെയ്യും.
2.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധ ശക്തികൂട്ടുകയും ജലദോഷം, പനി എന്നീ അസുഖങ്ങളെ തടയുന്ന രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ക്രമീകരിക്കുമെന്നും ഒരു വിദേശ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഇമ്യൂണോ ഗ്ലോബുലിൻ എ, അല്ലെങ്കിൽ ഐ.ജി.എ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വർദ്ധിക്കുന്നത്.
3. ആത്മവിശ്വാസവും സന്തോഷവും വർദ്ധിക്കും
ലൈംഗിക ബന്ധവും രതിമൂർച്ചയും പ്രണയഹോർമോണായ ഓക്‌സിടോസിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കും. ഇത് ഇണയുമായി കൂടുതൽ മികച്ച ആത്മബന്ധം നിലനിർത്താൻ സഹായിക്കും. കൂടാതെ പങ്കാളികളിൽ ആത്മവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കാനും ഇത് ഉപകരിക്കും.
4.വേദനകൾ ഇല്ലാതാകും
ഓക്‌സിടോസിൻ ശരീരത്തിലെ സ്വാഭാവിക വേദന സംഹാരികളായ എൻഡോർഫിനുകളുടെ അളവ് വർദ്ധിപ്പിക്കും. തലവേദന, സന്ധി വേദന, ആർത്തവ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ സുരക്ഷിതമായ ലൈംഗികബന്ധം നിലനിർത്തുന്നവരിൽ കുറയും. മൈഗ്രേൻ പോലുള്ള അസുഖങ്ങൾ ഉള്ളവരിൽ പുലർകാലത്തെ ലൈംഗിക ബന്ധം ഒരു ഒറ്റമൂലി പോലെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
5.രക്തയോട്ടം വർദ്ധിക്കും
ലൈംഗിക ബന്ധം ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് അമിത രക്തസമ്മർദ്ദത്തിൽ നിന്നും രക്ഷനൽകും.
6.സൗന്ദര്യം വർദ്ധിക്കും
സന്തോഷകരമായ ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിയുടെ സൗന്ദര്യം വർദ്ധിച്ചതായി തോന്നിയെന്ന് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് തോന്നൽ മാത്രമല്ലെന്നും ശരിക്കും നിങ്ങളുടെ സൗന്ദര്യം കൂടുമെന്നാണ് ശാസ്ത്രം പറയുന്നത്. സെക്സിന് ശേഷം ശരീരത്തിൽ രക്തയോട്ടം കൂടുമെന്നും ഇത് ശരീരത്തിന് കൂടുതൽ നിറം നൽകുമെന്നും ശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നു.