rahul-gandhi

തിരുവനന്തപുരം : വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിലവിലെ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വീണ്ടും മത്സരിച്ചേക്കും. ഡൽഹിയിൽ കോൺഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി ചർച്ചകളിൽ ഏകദേശ ധാരണയായെന്ന് അറിയുന്നു. രാഹുൽ ഗാന്ധിയും അനുകൂലമാണെന്നാണ് സൂചന.

2019ൽ രാഹുൽ തരംഗത്തിലാണ് 20ൽ 19 സീറ്റും യു.ഡി.എഫ് തൂത്തുവാരിയത്. വി‌ജയം ആവർത്തിക്കാൻ വയനാട്ടിൽ രാഹുൽ അനിവാര്യമാണെന്ന നിലപാടിലാണ് കെ.പി.സി.സി. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളായ യു.ഡി.എഫും, എൽ‌.ഡി.എഫും മറ്റ് 19 സീറ്റിലും പരസ്പരം ഏറ്റുമുട്ടുമ്പോൾ വയനാട്ടിൽ രാഹുൽ എൽ.ഡി.എഫിനെതിരെ മത്സരിക്കുന്നതിൽ അനൗചിത്യമില്ലെന്ന കെ. പി. സി. സി നിലപാടിനോട് ദേശീയ നേതൃത്വവും യോജിക്കുന്നു.

കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റും സിറ്റിംഗ് എം.പിയുമായ കെ.സുധാകരനും, ആലപ്പുഴയിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയും, മുൻ എം.പിയുമായ കെ. സി. വേണുഗോപാലും വീണ്ടും മത്സരിക്കാനുള്ള സാദ്ധ്യത വിരളമാണെന്നാണ് സൂചന. മറ്റ് 13 സീറ്റിലും കോൺഗ്രസിന്റെ സിറ്റിംഗ് എം.പിമാർ തന്നെ മത്സരിച്ചേക്കും.16 സീറ്റിലെയും സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.

പിന്നാക്ക പ്രാതിനിദ്ധ്യം:

മുന്നിൽ എൽ.ഡി.എഫ്

മുന്നണികളുടെ സ്ഥാനാർത്ഥികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയത് എൽ.ഡി.എഫാണ്.

എൽ.ഡി.എഫ്

ഈഴവ-7 (സി.പി.എം- 5,സി.പി.ഐ- 2), ക്രിസ്ത്യൻ- 5 (സി.പി.എം-3,സി.പി.ഐ-1,കേരള കോൺഗ്രസ് ( എം)-1), മുസ്ലീം- 4 (സി,പി,എം). നായർ- 2 (സി.പി.എം). എസ്.സി-2 (സി.പി,എം-1, സി,പി,ഐ-1).

യു.ഡി.എഫ്

കോൺഗ്രസിലെ സിറ്റിംഗ് എ.പിമാർ വീണ്ടും മത്സരിക്കാനിടയുള്ള 13 സീറ്റിലെ സമുദായ പ്രാതിനിദ്ധ്യം : നായർ-5, ക്രിസ്ത്യൻ - 4, ഈഴവ -1, എസ്.സി - 2, ധീവര -1.

രണ്ട് സീറ്റ് മുസ്ലിം ലീഗിനാണ്. ആർ.എസ്.പിയുടേതും, രാഹുൽ ഗാന്ധി വന്നാൽ വയനാട്ടിലേതും മുന്നാക്ക പ്രാതിനിദ്ധ്യമാവും.

കെ. സുധാകരനും

കെ. സിയും ഇല്ലെങ്കിൽ

കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ മുസ്ലീം പ്രാതിനിദ്ധ്യത്തിന് യൂത്ത് കോൺഗ്രസ് നേതാവ് പി.വി.അബ്ദുൾ റഷീദ്, ടി.സിദ്ദിഖ് എം.എൽ.എ എന്നിവരെ പരിഗണിച്ചേക്കും. ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ ഇല്ലെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, അസംഘടിത കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അനിൽ ബോസ് എന്നിവരെയാണ് കെ.പി.സി.സി നിർദ്ദേശിക്കുന്നത്. ഈഴവ പ്രാതിനിദ്ധ്യം രണ്ടായെങ്കിലും നിലനിറുത്താനാണിത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരും ഉയരുന്നുണ്ടെങ്കിലും സാമുദായിക

സന്തുലനത്തെ അത് ബാധിച്ചേക്കും.

എൻ.ഡി.എ

ബി.ജെ.പിയുടെ 16 സീറ്റിൽ 12 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ

നായർ - 6, ഈഴവ - തീയ - 3, ഒ.ബി.സി -1, ക്രിസ്ത്യൻ -1,മുസ്ലീം -1.

ബി.ജെ.പിയും ബി.ഡി.ജെ.എസും നാല് വീതം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.ഇതിൽ ഓരോ സീറ്റ് പട്ടിക വിഭാഗത്തിനാവും.