cg

കുറച്ചു വർഷം മുമ്പുവരെ,​ ദാ ഇവിടെ വരെ എന്നു പറയാവുന്ന ഇടങ്ങളിലേക്ക് ഒതുങ്ങിയിരുന്നു, നമ്മുടെ വിനോദയാത്രാ ദൂരങ്ങൾ. മാനസികോല്ലാസത്തിനായി മറ്റു ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും,​ ഇതര സംസ്ഥാനങ്ങളിലേക്കുമൊക്കെ കുടുംബസമേതം യാത്രപോകുന്നവരുടെ എണ്ണം രാജ്യമെമ്പാടും കൂടിയിട്ടുണ്ട്. ട്രാവൽ ഏജൻസികളും താരതമ്യേന കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകളും മറ്റും സാർവത്രികമായതോടെ വിനോദയാത്രകൾക്ക് വിദേശങ്ങൾ തിരഞ്ഞെടുക്കുന്നവർ പോലുമുണ്ട്. രാജ്യത്തിനകത്ത്,​ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണവും ആനുപാതികമായി വർദ്ധിച്ചു. മുൻ വർഷം ഇന്ത്യയ്ക്കകത്തു നിന്നുള്ള 2,​18,​71,​641 പേർ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചെന്നും,​ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇതൊരു റെക്കാഡ് ആണെന്നുമാണ് സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

കേരളത്തിന് ആഹ്ളാദവും അഭിമാനവും ജനിപ്പിക്കുന്നതും,​ സംസ്ഥാന വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവും ആവേശവും പകരുന്നതുമാണ് ആഭ്യന്തര ടൂറിസത്തിലുണ്ടായ ഈ വർദ്ധനവ്. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ പണ്ടേ അടയാളപ്പെടുത്തപ്പെട്ട ഇടമാണ് കേരളമെങ്കിലും, രാജ്യത്തിനകത്തു നിന്ന് മറ്ര് സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിരുന്നവരിൽ കേരളത്തിലേക്കു വരുന്നവരുടെ എണ്ണം ഇപ്പോൾ കൂടിയെന്നത് ചെറിയ കാര്യമല്ല. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2022-നെ അപേക്ഷിച്ച് 15.92 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം കേരളം രേഖപ്പെടുത്തിയത്. ഈ സഞ്ചാരികളിൽ കൂടുതൽ പേർ തിരഞ്ഞെടുത്തത് എറണാകുളം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളാണെന്നും കണക്കുകൾ പറയുന്നു. സമുദ്രതീരങ്ങളിലെയും മലനിരകളിലെയും പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമല്ല,​ കേരളത്തിലെ നഗര വിനോദ കേന്ദ്രങ്ങളും സഞ്ചാരികളുടെ ശ്രദ്ധനേടുന്നുവെന്ന് അർത്ഥം.

വിദേശ വിനോദ സഞ്ചാരികളിൽ,​ ചാർട്ടേർഡ് ഫ്ളൈറ്റിലും മറ്രുമെത്തി നക്ഷത്ര ഹോട്ടലുകളിൽ താമസമാക്കുന്ന സമ്പന്നർ മുതൽ നാലോ അഞ്ചോ പേർ മാത്രമടങ്ങുന്ന സംഘമായെത്തി ഹോംസ്റ്റേകളിലും ഇടത്തരം ഹോട്ടലുകളിലും പാർക്കുന്ന സാധാരണക്കാർ വരെയുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളാകട്ടെ,​ പൊതുവെ നഗരമേഖലകളിലെ ഇടത്തരം ഹോട്ടലുകളിൽ താമസിച്ച്,​ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പകൽയാത്ര നടത്തുന്നവരാകും. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾകൂടി ഉൾപ്പെട്ടതാകും ഇവരുടെ യാത്രാ ചാർട്ട്. വൃത്തിയുള്ളതും അതേസമയം താരതമ്യേന നിരക്കു കുറഞ്ഞതുമായ താമസവും ഭക്ഷണവും,​ സുരക്ഷിതമായ ടാക്സി സൗകര്യവുമൊക്കെയാണ് ഇവരുടെ പ്രധാന നോട്ടം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതു പോലെ പ്രധാനമാണ്,​ സമീപമുള്ള ചെറു പട്ടണങ്ങളിൽ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമായ താമസ- യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുകയെന്നതും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽത്തന്നെ ഇവിടങ്ങളിൽ ഇടത്തരം ഹോട്ടലുകൾ തുടങ്ങുന്നതും,​ വിനോദ കേന്ദ്രങ്ങളിലേക്ക് ടാക്സി സർവീസ് തുടങ്ങുന്നതും ആലോചിക്കാവുന്നതാണ്.

മറ്റൊന്ന്,​ ടൂറിസ്റ്റ് സോണുകളിലെ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ബാറുകൾക്കും മറ്റും കർശന നിബന്ധനകളോടെ ചില ഇളവുകൾ അനുവദിക്കുകയെന്നതാണ്. ഇത്തരം ഇളവുകളും പ്രത്യേക അനുമതികളും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും,​ അവയുടെ മറവിൽ ലഹരിവില്പന ഉൾപ്പെടെ നിയമവിരുദ്ധ പ്രവൃത്തികളും ആശാസ്യമല്ലാത്ത ഏർപ്പാടുകളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം. പ്രത്യേക സാമ്പത്തിക മേഖല പോലെ,​ സർക്കാരിന്റെ സവിശേഷ ഇളവുകളോടെ ആരംഭിക്കാവുന്ന ഇത്തരം ടൂറിസ്റ്റ് സോണുകളിൽ പ്രത്യേക ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനുകളും ടൂറിസ്റ്റ് ഗൈഡ് സേവനവും ഫ്രീ വൈഫൈ കേന്ദ്രങ്ങളും തുടങ്ങണം. സഞ്ചാരികൾ നേരിടുന്ന ഏതു ബുദ്ധിമുട്ടിനും ഉടനടി പരിഹാരത്തിന് സംവിധാനം വേണം. വിദേശനാണ്യം നേടിത്തരുന്ന വിദേശ ടൂറിസ്റ്റുകളെന്നതു പോലെ പ്രധാനമാണ് പ്രാദേശിക വിപണികളെ സജീവമാക്കി നിറുത്തുന്ന ആഭ്യന്തര വിനോദ സഞ്ചാരികളുമെന്ന് ഓർക്കണം.