
എൽ.ഡി.എഫും എൻ.ഡി.എയും കോഴിക്കോട്ടും വടകരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ കെ.മുരളീധരനും സജീവമാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലും പ്രചാരണം സജീവം. തിരഞ്ഞെടുപ്പ് പ്രതീക്ഷകളുമായി കേരളകൗമുദി ആരംഭിക്കുന്ന ലീഡേഴ്‌സ് ടോക്കിൽ ഇന്നുമുതൽ പ്രമുഖ പാർട്ടികളുടെ നേതാക്കൾ സംസാരിക്കുന്നു. ഇന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ.
കോഴിക്കോടും വടകരയും ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് തവണയും നഷ്ടമായി...?
ഇടതുപക്ഷവും സി.പി.എമ്മും പരാജയങ്ങളെ ഗൗരവമായി വിലയിരുത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലങ്ങൾ തരിച്ചുപിടിക്കുമെന്ന ആത്മവിശ്യാസത്തിലാണ്. നരേന്ദ്രമോദിയെ താഴെയിറക്കി രാഹുൽ പ്രധാനമാന്ത്രിയാവുമെന്ന പ്രചരണവും അദ്ദേഹം വയനാട്ടിൽ മത്സരിച്ചതും യു.ഡി.എഫിന് നേട്ടമായി. ഇത്തവണ കാര്യങ്ങൾ മറിച്ചാണ്. രാജ്യത്ത് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും നേരിടുന്ന വെല്ലുവിളി ചെറുക്കാൻ ഇടതുപക്ഷം വേണമെന്ന മുറവിളിയാണ് എല്ലായിടത്തും. വടകരയിലും കോഴിക്കോട്ടും സാദ്ധ്യത വിർദ്ധിച്ചിട്ടുണ്ട്.
ഇടതിന് കുത്തിയാലും വലതിനു കുത്തിയാലും കേന്ദ്രത്തിൽ ഒന്നല്ലേ എന്നാണ് ബി.ജെ.പി ചോദ്യം..?
ഇടതിന് കുത്തിയാലും വലതിന് കുത്തിയാലും ഒന്നല്ല. ജനത്തിനത് ബോധ്യമായിട്ടുണ്ട്. ഞങ്ങളുടെ കൂടി പരിശ്രമത്തിന്റെ ഫലമാണ് ഇന്ത്യ എന്ന രാഷ്ട്രീയ കൂട്ടായ്മ. അതിന് ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയും. ഏതെങ്കിലും പാർട്ടിക്ക് മുൻകൂട്ടി അതിന്റെ നേതൃത്വമേറ്റെടുത്ത് ബി.ജെ.പി വിരുദ്ധ ശക്തികളെ യോജിപ്പിക്കാൻ കഴിയില്ല, ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണുള്ളത്. 2004 ൽ ഇടതുപക്ഷത്തിന് 63 എം.പി.മാർ ഉള്ളതുകൊണ്ടാണ് യു.പി.എ സാദ്ധ്യമായത്. ഇടതുപക്ഷത്തെ ജയിപ്പിച്ചാലേ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാനാവൂവെന്ന് മതേതരമനസുള്ളവർക്കെല്ലാം മനസിലായിട്ടുണ്ട്. കേരളത്തിൽ നിന്ന് പോയ കോൺഗ്രസ് എം.പിമാർ നിർണായക വിഷയങ്ങളുണ്ടാവുമ്പോൾ ഏത് ചേരിയിലാണെന്ന് എല്ലാവർക്കുമറിയാം.
കോഴിക്കോട്ടേയും വടകരയിലേയും എം.പി.മാരെ എങ്ങനെ വിലയിരുത്തുന്നു...?
കോഴിക്കോട്, വടകര എം.പി.മാരുടെ പ്രവർത്തനം വട്ടപ്പൂജ്യമാണ് . കോഴിക്കോട് എം.പി. മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു അങ്കണവാടി കെട്ടിടമെങ്കിലും കാണിക്കാനുണ്ടോ. മെഡിക്കൽ കോളേജിനായി എന്തെങ്കിലും ചെയ്‌തോ. ആകെ പറയുന്നത് റെയിൽവേ സ്റ്റേഷനിലെ എക്‌സലേറ്ററാണ്. അത് അദ്ദേഹത്തിന്റെ വകയല്ല. കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ എക്‌സലേറ്റർ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കോഴിക്കോടും അതിൽ ഉൾപ്പെട്ടെന്നേയൂള്ളൂ. എയിംസിനായി ശബ്ദവുമുയർത്തിയില്ല. വയനാട്ടിൽഎം.പി.യുടെ സാന്നിദ്ധ്യം തന്നെയില്ല. വടകരയിൽ 2009തിന് ശേഷം എന്ത് വികസനമാണുണ്ടായത്.
നഷ്ടപ്രതാപം വീണ്ടെടുക്കാൻ മാത്രം കരുത്തരാണോ കെ.കെ.ശൈലജയും എളമരം കരീമും..?
കേരളത്തിൽ കെ.കെ.ശൈലജയും പാർലമെന്റിൽ എളമരം കരീമും നടത്തിയ ജനകീയ ഇടപെടലുകൾ ചരിത്രമാണ്. വടകരയിലും കോഴിക്കോട്ടും ഒരുങ്ങുന്നവരല്ല ഇരുവരും, ദേശീയ നേതാക്കളാണ്. ഇരുവരേയും മണ്ഡലങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിക്കും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഇരട്ട ജീവപര്യന്തം പാരയാവുമോ..?
കോടതി നടപടികളുടെ ഭാഗമായി ശിക്ഷകൂട്ടലും കുറയ്ക്കലുമെല്ലാം ഉണ്ടാകാറുണ്ട്. പാർട്ടി എന്ന നിലയിൽ സിപി.എമ്മിന് യാതൊരു ബന്ധവും കേസിലില്ലെന്ന് തുടക്കം മുതൽ വ്യക്തമാക്കിയതാണ്. യു.ഡി.എഫ് കഴിഞ്ഞ കുറേക്കാലമായി അത് സി.പി.എം വിരുദ്ധ അജണ്ടയായിട്ട് ഉപയോഗിക്കുന്നുണ്ട്. മാദ്ധ്യമങ്ങളും പരിധിവിട്ട് പ്രോത്സാഹനം നൽകി. കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടയും ന്യൂനപക്ഷ വേട്ടയുമൊക്കെയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചർച്ച. ജനം അതേറ്റെടുക്കും. രണ്ട് മണ്ഡലങ്ങളും ഇടതുപക്ഷത്തേക്ക് തിരിച്ച് വരികയും ചെയ്യും.