
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവർക്ക് പ്രത്യേകം താമസസൗകര്യങ്ങളും അംബാനി കുടുംബം ഒരുക്കിയിരുന്നു. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിംഗ് പാർട്ടി മാർച്ച് മൂന്നിനാണ് അവസാനിച്ചത്. ഗുജറാത്തിലെ ജാംനഗറിലാണ് പാർട്ടി നടന്നത്. അത്യാഢംബര ആഘോഷത്തിന്1000 കോടിയിലേറെ രൂപയാണ് ചെലവെന്ന് റിപ്പോർട്ടുണ്ട്.
തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും ഭാര്യ ലത രജനികാന്തും മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുകേഷ് അംബാനി പ്രത്യേകമായി അയച്ച പ്രെെവറ്റ് ജെറ്റിലാണ് മൂവരും ജാംനഗറിലെത്തിയത്. അംബാനിയുടെ ആതിഥ്യമര്യാദയെ പ്രശംസിക്കുകയും ഇതിന്റെ ചിത്രങ്ങൾ ഐശ്വര്യ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൂവരും പ്രെെവറ്റ് ജെറ്റിന് ഉള്ളിൽ ഇരിക്കുന്നതും ആഢംബര വസതിയിൽ ഇരിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
'ആതിഥേയരായ നിത അംബാനിക്കും മുകേഷ് അംബാനിക്കും നന്ദി. അംബാനി കുടുംബം ഒരുക്കിയ മനോഹരമായ വസതിയിൽ അമ്മയ്ക്കും അച്ഛനുമൊപ്പം അവധി അഘോഷിക്കാൻ പറ്റി.'- ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം പരിപാടിയിൽ മാർക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി തുടങ്ങിയവർ എത്തിയിരുന്നു. കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായിരുന്നു. പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നുമുണ്ടായിരുന്നു.