
സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്‌താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത് സർക്കാർ താങ്ങില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകരുടെ അറസ്റ്റും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് നിരാഹാരമിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിലും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയും കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷിയും.
'സെക്രട്ടറിയേറ്റിലും ക്ളിഫ് ഹൗസിലുമൊക്കെ കഴിഞ്ഞദിവസം കയറിയ ഒരു മരപ്പട്ടിയുണ്ട്. ആ മരപ്പട്ടിയെ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ വിജയനേക്കാൾ നന്നായി ആ മരപ്പട്ടി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ട്. ആ മരപ്പട്ടിയുടെ അത്രപോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത പിണറായി വിജയൻ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ അയാളുടെയും അയാളുടെ തിരുട്ട് ഫാമിലിയുടെയും സംരക്ഷണം ഏറ്റെടുത്ത പൊലീസിന്റെ വിചാരം അവരും ഗുണ്ടകളായി മാറിയെന്നാണ്.
ഇനിയങ്ങോട്ട് ഈ നിരാഹാര സമരം ഉള്ളിടത്തോളം കാലം ഇവിടെ വിവിധ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉണ്ടാകും. മാർച്ചുമായി കടന്നുവരുന്ന ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നാണ് പൊലീസുകാർ വിചാരിക്കുന്നതെങ്കിൽ അവരോട് ഒരു കാര്യം പറയാം, ഞങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണ്. അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. ഞങ്ങളുടെ സഹപ്രവർത്തകരെ കൈകാര്യം ചെയ്‌താൽ ആ സെക്രട്ടറിയേറ്റ് വളപ്പിലേയ്ക്ക് ഞങ്ങൾ ഒരു വരവങ്ങ് വരും. ആ വരവ് നിങ്ങളൊന്നും താങ്ങില്ല'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.