modi

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. കർണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂൽ കദാരയാണ് പിടിയിലായത്. ഇയാൾ ഹൈദരാബാദിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവയ്ക്കാൻ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് ജി സംഗീത പറഞ്ഞു.

മോദിക്കും യോഗിക്കുമെതിരെ ഇയാൾ വധഭീഷണി മുഴക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. മോദി നല്ല ഭരണം കാഴ്ചവയ്ക്കുന്നില്ലെന്നും ചായ വിറ്റ് നടന്നയാളാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

'മോദി, അടൽ ബിഹാരി വാജ്‌പേയിയെപ്പോലെ മികച്ച ഭരണമല്ല താങ്കൾ കാഴ്ചവയ്ക്കുന്നത്. നിങ്ങൾ ചായ വിറ്റ് നടന്നയാളായിരുന്നു. ബിജെപി വിട്ടുവന്നാൽ നിങ്ങളെ നേരിടാൻ ഞാൻ തയ്യാറാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിങ്ങളെ വധിക്കും. കോൺഗ്രസ് സിന്ദാബാദ്.'- എന്നാണ് ഇയാൾ പറഞ്ഞത്. കൈയിൽ വാൾ പിടിച്ചുകൊണ്ടായിരുന്നു ഭീഷണി.