
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്കു ബോംബ് ഭീഷണി.
ഇ- മെയിൽ വഴിയാണ് ഭീഷണി മുഴക്കിയത്. ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ബംഗളൂരു പൊലീസ് കമ്മിഷണർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഭീഷണി. ശനിയാഴ്‌ച ഉച്ച തിരിഞ്ഞ് 2.48ന് സ്ഫോടനം നടക്കുമെന്നും 2.5 മില്യൺ യു.എസ് ഡോളർ നൽകിയില്ലെങ്കിൽ നഗരത്തിലെങ്ങും സ്‌ഫോടനം നടത്തുമെന്നും പറയുന്നു.
ഷാഹിദ് ഖാൻ 10786 എന്നു തുടങ്ങുന്ന മെയിൽ ഐ.ഡിയിൽ നിന്നാണ് സന്ദേശം എത്തിയത്.
കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിൽ നടന്ന സ്ഫോടനം ചൂണ്ടിക്കാട്ടി സിനിമയുടെ
ട്രെയിലർ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചിട്ടുണ്ട്.
ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ നടത്തും. ഒരു ട്രെയിലർ കൂടി ഞങ്ങൾ നിങ്ങളെ കാണിക്കും. അടുത്ത സ്‌ഫോടനം അംബാരി ഉത്സവ് ബസിലാണ്. അതിലെ സ്‌ഫോടനത്തിനുശേഷം ഞങ്ങളുടെ ആവശ്യം സമൂഹമാദ്ധ്യമത്തിലൂടെ ഉന്നയിക്കും. നിങ്ങൾക്കയച്ച മെയിലിന്റെ സ്‌ക്രീൻഷോട്ടുകൾ അവിടെ അപ്‌ലോഡ് ചെയ്യും. അടുത്ത സ്‌ഫോടനം എവിടെയെന്ന് അതുവഴി പുറത്തുവിടുമെന്നും പറയുന്നു. കഴിഞ്ഞ ആഴ്‌ച ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു ദിവസങ്ങൾക്ക് ശേഷമാണ് സ്ഫോടനം. ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തിരുന്നു. കോയമ്പത്തൂർ മംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.