pic

ടെഹ്റാൻ : കഴിഞ്ഞ വർഷം ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 834 പേരെന്ന് റിപ്പോർട്ട്. നോർവെ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ്, പാരീസ് ആസ്ഥാനമായുള്ള ടുഗെഥർ എഗെൻസ്റ്റ് ദ ഡെത്ത് പെനാൽറ്റി എന്നീ സംഘടനകളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2015ന് ശേഷം ആദ്യമായാണ് ഇത്രയധികം പേരെ ഇറാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. 972 പേരെയാണ് 2015ൽ തൂക്കിലേറ്റിയത്. മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഇറാനിയൻ ഭരണകൂടം വധശിക്ഷയെ വ്യാപകമായി ഉപയോഗിച്ചെന്ന് അവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പ്രക്ഷോഭങ്ങൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 9 പേരെയാണ് ഇറാൻ ഇതുവരെ തൂക്കിലേറ്റിയത്. കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസിൽപ്പെട്ട 471 പേരുടെ വധശിക്ഷ നടപ്പാക്കി. വധശിക്ഷയ്ക്ക് വിധേയരായവരിൽ 20 ശതമാനത്തിലേറെയും സുന്നി ബലൂച് പോലുള്ള ന്യൂനപക്ഷങ്ങളാണ്.

രേഖപ്പെടുത്തിയ വധശിക്ഷകളിൽ വെറും 15 ശതമാനം മാത്രമാണ് ഇറാൻ മാദ്ധ്യമങ്ങൾ പുറത്തുവിടുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമാണ് ഇറാനെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നു.