
'മകൻ മനസിലുള്ള ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് അത് ചെയ്യണമെന്ന് തോന്നി, ഉടനെ തന്നെ സമ്മതിച്ചു.' മകൻ ഡിസൈൻ ചെയ്ത വസ്ത്രത്തിന്റെ മോഡലാകുമ്പോൾ 73കാരിയായ രമണി പീതാംബരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന്. അതിന്റെ സന്തോഷം ആ വാക്കുകളിലുണ്ടായിരുന്നു. 2018ൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവരുമ്പോൾ രമണിയമ്മയ്ക്ക് പ്രായം 68. ഇന്ന് 70 കടന്നെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ രമണി അമ്മ കൂളാണ്.
മകൻ രാജീവ് പീതാംബരൻ ഡിസൈനിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സന്തോഷത്തോടെ അണിഞ്ഞ് രമണി അമ്മ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. മോഡലിംഗിലൂടെ രണ്ട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും രമണി അമ്മ സന്തോഷത്തോടെ പങ്കുവച്ചു. ഷെയ്ൻ നിഗവും രേവതിയും കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭൂതകാലം', അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, നസ്രിയ നസീം പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ട്രാൻസ്' എന്നി ചിത്രങ്ങളിലാണ് രമണി അമ്മ അഭിനയിച്ചത്. ഒത്തിരി ചിരിച്ച് സന്തോഷത്തോടെയാണ് രമണി അമ്മ തന്റെ പുതിയ വിശേഷങ്ങൾ കേരള കൗമുദിയോട് പങ്കുവച്ചത്.

മകന്റെ ചോദ്യത്തിനുള്ള ആദ്യ പ്രതികരണം ?
മകൻ ഡിസെെൻ ചെയ്ത സാരിക്ക് മോഡൽ ആയി നിൽക്കാൻ അവൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം തന്നെ സമ്മതിക്കുകയായിരുന്നു. എനിക്കും അത് ചെയ്യണമെന്ന് തോന്നി.
ഡിസൈൻ ചെയ്യുമ്പോൾ സഹായിക്കാറുണ്ടോ ?
ഇല്ല, ഡിസൈൻ ചെയ്യുമ്പോൾ ഞാൻ സഹായിക്കില്ല. അവൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അവർ പറയുന്നത് പോലെ ഞാൻ മോഡൽ ആയി നിൽക്കും. എനിക്ക് മോഡലായി നിൽക്കാൻ ഇഷ്ടമാണ്.
സിനിമാ രംഗത്തെ പ്രവേശനം
മോഡലിംഗ് വഴിയാണ് സിനിമയിലെത്തിയത്. വളരെ നല്ല അനുഭവമാണ് അതിൽ നിന്ന് ലഭിച്ചത്. എനിക്ക് അഭിനയം വലിയ കുഴപ്പമില്ലായിരുന്നു. അഭിനയം പ്രയാസമായി തോന്നിയില്ല. സംവിധായകൻ പറയുന്നത് കേട്ട് അതുപോലെ ചെയ്യുകയായിരുന്നു. 2018ലാണ് ആദ്യമായി മോഡലിംഗ് രംഗത്ത് തുടക്കം കുറിച്ചത്.
മറ്റ് ബ്രാൻഡുകളിൽ നിന്ന് അവസരം
വസ്ത്രത്തിൽ വേറെ ബ്രാൻഡുകളിൽ മോഡലായി പോകാറില്ല. പക്ഷേ ആഭരണങ്ങളുടെയും മറ്റും മോഡലായി വിളിച്ചാൽ പോകും.

വനിതാ ദിനത്തിൽ പറയാനുള്ള സന്ദേശം
നിരവധി സ്ത്രീകളാണ് ഈ കാലഘട്ടത്തിൽ തന്റെ സ്വപ്നങ്ങൾ ഒതുക്കി കഴിയുന്നത്. അവരോട് ഇഷ്ടമുള്ളത് ഇറങ്ങി ചെയ്യാൻ ഞാൻ പറയും. അതുപോലെ തന്നെ കുടുംബത്തിൽ നിന്ന് അവർക്ക് പിന്തുണ ലഭിക്കേണ്ടതും അത്യാവശ്യമാണ്. പ്രായം ഒന്നിനും ഒരു തടസമല്ല. എന്നെ കണ്ടിട്ട് നിരവധി പേർ അതുപോലെയുള്ള കാര്യങ്ങൾ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.
ഈ അമ്മയുടെ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം മകനായ രാജീവ് ആണ്. വനിതാ ദിനം വനിതകൾക്ക് മാത്രമല്ലമുള്ളതല്ല ഇതുപോലെ അവരെ പിന്തുണയ്ക്കുന്നവർക്ക് കൂടി ഉള്ളതാണ്. രാജീവ് പീതാംബരൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അമ്മ മോഡലായ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. കൊച്ചിയിലാണ് ഇരുവരും താമസിക്കുന്നത്. അമ്മയുടെ ഈ നേട്ടത്തിൽ മകന് പറയാനുള്ളതും നമ്മൾ കേൾക്കണം.

എന്തുകൊണ്ട് അമ്മയെ മോഡലാക്കി
ഞാൻ ബ്രാൻഡ് തുടങ്ങുന്നതിന് മുൻപ് ഇതുപോലെ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഇട്ട അമ്മയുടെ ഫോട്ടോ ഫോണിൽ എടുക്കുമായിരുന്നു. ഇങ്ങനെ മോഡലായി നിൽക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് എനിക്ക് മനസിലായി. അമ്മയ്ക്ക് ഇത് ഇഷ്ടമാണെന്ന് തോന്നി. അപ്പോൾ ഞാൻ ചോദിച്ചപ്പോൾ തന്നെ അമ്മ സമ്മതിക്കുകയായിരുന്നു. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനം അല്ല. ആ സമയത്ത് അങ്ങനെ തോന്നി.
പ്രതികരണം
നിരവധി പേർ പിന്തുണയ്ക്കുന്നു. ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. പുറത്ത് ഞാനും അമ്മയും ഒരുമിച്ചാണ് പോകുന്നത്. അപ്പോൾ ആളുകൾ തിരിച്ചറിയുകയും വന്ന് സംസാരിക്കുകയും ചെയ്യുന്നു. വളരെ നല്ല പ്രതികരണമാണ് എല്ലാവരിലും നിന്ന് ലഭിക്കുന്നത്. ഇങ്ങനെ ചെയ്തത് വളരെ നല്ലതാണെന്നാണ് എല്ലാരും പറയുന്നത്.

വനിതാ ദിനസന്ദേശം
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ നിരവധി കാര്യങ്ങൾ ചെയായൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവർക്ക് അതിന് പിന്തുണ ലഭിക്കുന്നില്ല. സ്ത്രീശാക്തീകരണം എന്ന് പറയുമ്പോൾ ആദ്യം നമ്മൾ അവരോട് അവരുടെ ആഗ്രഹങ്ങൾ ചോദിക്കണം. അതിന് അനുസരിച്ച് അവരെ പിന്തുണയ്ക്കണമെന്നെ ഞാൻ പറയൂ. നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ അവർക്ക് പലതും ചെയ്യാൻ കഴിയും. അത് മകൻ ആവട്ടേ, സഹോദരൻ ആവട്ടേ ഭർത്താവ് ആവട്ടേ. നിങ്ങൾ അവരുടെ ആഗ്രഹങ്ങൾ അറിയാൻ ശ്രമിച്ച് അതിനുള്ള സപ്പോർട്ട് കൊടുക്കണമെന്ന് ഞാൻ പറയും.