
നാഗ്പുർ : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമിഫൈനലിൽ മദ്ധ്യപ്രദേശിനെതിരെ അവസാന ദിവസമായ ഇന്ന് വിദർഭയ്ക്ക് ജയിക്കാൻ വേണ്ടത് നാലുവിക്കറ്റുകൾ കൂടി . മദ്ധ്യപ്രദേശിന് വിജയം 93 റൺസ് അകലെയാണ്.
രണ്ടാം ഇന്നിംഗ്സിൽ 321 റൺസിന്റെ ലക്ഷ്യം തേടിയിറങ്ങിയ മദ്ധ്യപ്രദേശ് നാലാം ദിവസമായ ഇന്നലെ കളിനിറുത്തുമ്പോൾ 228/6 എന്ന നിലയിലാണ്. ആദ്യഇന്നിംഗ്സിൽ 170 റൺസിന് ആൾഒൗട്ടായ വിദർഭയ്ക്ക് എതിരെ മദ്ധ്യപ്രദേശ് 252 റൺസ് നേടിയിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി തിരിച്ചുവന്ന വിദർഭ 402 റൺസ് നേടിയതോടെയാണ് മദ്ധ്യപ്രദേശിന് വിജയലക്ഷ്യമായി 321 റൺസ് കുറിക്കപ്പെട്ടത്. ഇന്നലെ യഷ് ദുബെ(94),ഹർഷ് ഗാവ്‌ലി (67) എന്നിവരുടെ മികവിലാണ് 228ലെത്തിയത്. കളിനിറുത്തുമ്പോൾ 16 റൺസുമായി സരൻഷ് ജെയ്നും റണ്ണെടുക്കാതെ കുമാർ കാർത്തികേയയുമാണ് ക്രീസിൽ.
കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റൺസിനും തോൽപ്പിച്ച് മുംബയ് ഫൈനലിലെത്തിയിരുന്നു. മാർച്ച് 10ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരങ്ങൾ തുടങ്ങുന്നത്.