
കൊച്ചി: ബില്ലിംഗ് തർക്കങ്ങളെ തുടർന്ന് പ്ളേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യയിലെ വിവിധ മൊബൈൽ ആപ്പുകൾ വീണ്ടും ലിസ്റ്റ് ചെയ്യാൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് സമ്മതിച്ചു. കേന്ദ്ര സർക്കാരിന്റെയും പ്രാദേശിക ഐ.ടി സ്റ്റാർട്ടപ്പുകളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗൂഗിൾ തീരുമാനം തിരുത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ആപ്പ് ഡെവലപ്പ്മെന്റ് കമ്പനികളുടെ സാന്നിദ്ധ്യത്തിൽ ഗൂഗിൾ പ്രതിനിധികളുമായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ചർച്ച നടത്തിയിരുന്നു. ചർച്ചകൾക്ക് ശേഷം ഒഴിവാക്കിയ ആപ്പുകൾ വീണ്ടും ഉൾപ്പെടുത്താമെന്ന് ഗൂഗിൾ സമ്മതിച്ചുവെന്ന് മന്ത്രി പറഞ്ഞു. ദീർഘകാലമായുള്ള പേയ്മെന്റ് തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുൻനിര മൊബൈൽ ആപ്പുകളായ മാട്രിമോണിഡോട്ട്കോം, നൗക്കരിഡോട്ട്കോം എന്നിവ ഉൾപ്പെടെ നൂറോളം പ്ളാറ്റ്ഫോമുകളാണ് കൃത്യമായി പണമടയ്ക്കാത്തതിനാൽ പ്ളേസ്റ്റോറിൽ നിന്ന് ഗൂഗിൾ പിൻവലിച്ചത്. ഗൂഗിളിന്റെ നടപടിക്കെതിരെ ഇന്ത്യയിലെ ടെക്നോളജി കമ്പനികൾ ശക്തമായി രംഗത്ത് വന്നിരുന്നു.
സഹകരണ മനോഭാവത്തോടെ മുന്നോട്ടുപാേകുന്നതിന് ഇന്ത്യൻ ആപ്പുകൾ താത്കാലികമായി പ്ളേസ്റ്റോറിൽ ഉൾപ്പെടുത്തും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഗൂഗിളിന്റെ ആഗോള ബിസിനസ് മാതൃക അനുസരിച്ചാണ് മുന്നോട്ടുപാേകുന്നത്.
ഗൂഗിൾ വക്താവ്