
ഇന്ത്യ - ഇംഗ്ളണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ധർമ്മശാലയിൽ തുടങ്ങുന്നു
ധർമ്മശാല : ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചുടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരത്തിന് നാളെ തുടക്കമാകുമ്പോൾ ഇന്ത്യൻ ആൾറൗണ്ടർ രവിചന്ദ്രൻ അശ്വിനും ഇംഗ്ളീഷ് ബാറ്റർ ജോണി ബെയർസ്റ്റോയും തങ്ങളുടെ കരിയറിലെ 100-ാം ടെസ്റ്റ് എന്ന നാഴികക്കല്ലിലേക്ക് എത്തുകയാണ്.
പരമ്പരയിൽ 3-1ന് ഇന്ത്യ മുന്നിലാണ്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ച് വിസ്മയം സൃഷ്ടിച്ച ഇംഗ്ളണ്ടിനെ അടുത്ത മൂന്ന് ടെസ്റ്റുകളിലും കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയെടുത്തത്. അവസാന ടെസ്റ്റിൽ ജയിച്ചില്ലെങ്കിലും പരമ്പര കൈമോശം വരാത്താ സാഹചര്യമാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം നിലനിറുത്താനും ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. വിരാട് കൊഹ്‌ലിയേയും കെ.എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ഷമിയേയും പോലുള്ള സീനിയേഴ്സിന്റെ അഭാവത്തിലാണ് രോഹിത് ശർമ്മ യുവതാരങ്ങളെ ഒപ്പംകൂട്ടി പരമ്പര വിജയം നേടിയിരിക്കുന്നത്. നാലാം ടെസ്റ്റിൽ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ നാളത്തെ മത്സരത്തിൽ കളിക്കും.
500 കടന്ന അശ്വിൻ
ഈ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് അശ്വിൻ ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായത്. ഈ നേട്ടം ആഘോഷിക്കാനാവാതെ മത്സരത്തിനിടെതന്നെ ആശുപത്രിയിലായിരുന്ന അമ്മയെ കാണാൻ അശ്വിൻ രാജ്കോട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് 501-ാം വിക്കറ്റ് നേടിയത്.
2011 നവംബറിൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഡാരൻ ബ്രാവോയുടെ വിക്കറ്റ് നേടിയാണ് അശ്വിൻ ടെസ്റ്റ് കരിയർ ആരംഭിച്ചത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റുകൾ നേടി മാൻ ഒഫ് ദമാച്ചായിരുന്നു. 99 മത്സരങ്ങളിൽ 507 വിക്കറ്റുകളും 3309 റൺസുമാണ് സമ്പാദ്യം. ഇപ്പോൾ ഐ.സി.സി ടെസ്റ്റ് ബൗളർമാരുടെയും ആൾ റൗണ്ടർമാരുടെയും റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് 37കാരനായ അശ്വിൻ.
35
ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് നേട്ടങ്ങൾക്കുടമയായ ഇന്ത്യൻ താരമെന്ന അനിൽ കുംബ്ളെയുടെ റെക്കാഡിന് ഒപ്പമാണ് ഇപ്പോൾ അശ്വിൻ. തന്റെ നൂറാം ടെസ്റ്റിൽ കുംബ്ളെയെ മറികടക്കാൻ അശ്വിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2012ലെ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് എന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുന്നത്. എന്റെ ബൗളിംഗിലെ പിഴവുകൾ ചൂണ്ടിക്കാട്ടിത്തന്ന പരമ്പരയായിരുന്നു അത്.
- അശ്വിൻ
ബെയർസ്റ്റോയുടെ ലാസ്റ്റ് ടെസ്റ്റ് ?
ഇന്ന് നൂറാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോയുടെ അവസാന ടെസ്റ്റ് വേദിയായി ധർമ്മശാല മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 100 ടെസ്റ്റുകൾ തികയ്ക്കുന്ന 17-ാമത്തെ ഇംഗ്ളീഷ് താരമാകാനാണ് ബെയർസ്റ്റോ ഒരുങ്ങുന്നത്. എന്നാൽ ഈ പരമ്പരയിൽ ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്നതാണ് 34കാരനായ താരത്തിന്റെ ഭാവി ഇരുളിലാക്കുന്നത്. നാലുമത്സരങ്ങളിൽ നിന്ന് 170 റൺസാണ് ആകെ നേടിയത്. ഒരു അർദ്ധസെഞ്ച്വറിപോലും നേടാനുമായില്ല.
മുൻ ഇംഗ്ളീഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകനായ ജോണി 2012 മേയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ലോഡ്സിലാണ് അരങ്ങേറിയത്. 99 ടെസ്റ്റുകളിൽ നിന്ന് 5974 റൺസാണ് സമ്പാദ്യം. 12 സെഞ്ച്വറികളും 26 അർദ്ധസെഞ്ച്വറികളും സ്വന്തം പേരിലുണ്ട്. 242 ക്യാച്ചുകളെടുത്തു. 14 സ്റ്റംപിംഗുകൾ നടത്തി.
26
റൺസ് കൂടി മതി ബെയർസ്റ്റോയ്ക്ക് ടെസ്റ്റിൽ 6000 റൺസ് തികയ്ക്കാൻ.
എട്ടാം വയസിൽ അച്ഛൻ വിട്ടുപിരിഞ്ഞശേഷം ഞങ്ങളെ വളർത്തിയ അമ്മയ്ക്കാണ് ഈ വലിയ മുഹൂർത്തം സമർപ്പിക്കുന്നത്.
- ജോണി ബെയർസ്റ്റോ