
മലയാള നോവൽ സാഹിത്യം അനുദിനമെന്നോണം പുതുക്കലുകൾക്കും പുനർവായനകൾക്കും വിധേയമാക്കപ്പെടുകയാണ്. നോവലുകൾ സംസ്കാരത്തിന്റെ പ്രതിഫലനങ്ങളാകുന്നത് അവ മനുഷ്യ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങളേയും രൂപങ്ങളേയും സമഗ്രമായി ഉള്ളടക്കം ചെയ്യുമ്പോഴാണ്. പെരുമാറ്റം, പ്രകടനങ്ങൾ, ചേഷ്ടകൾ എന്നുവേണ്ട ജീവിതരീതികളാകെ അടയാളം ചെയ്യുന്ന ബൃഹദ് ആഖ്യാനമാണ് സംസ്കാരം. ഈ നിലയിൽ സംസ്കാരത്തെ വ്യാഖ്യാനിക്കുമ്പോൾ അത് ആശയപരമായ തർക്കവിതർക്കങ്ങളുടെയും സംഘർഷങ്ങളുടെയും വേദികളാകുന്നത് സ്വാഭാവികം.
സാഹിത്യത്തിന്റെ സ്വഭാവം, ലക്ഷ്യം എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ എഴുത്തുകാർക്കെന്നതുപോലെ വായക്കാർക്കും വിഭിന്നങ്ങളായിരിക്കും. യഥാർത്ഥ സാഹിത്യം ജീവിതസത്യങ്ങൾ ആവിഷ്കരിക്കുന്ന യാഥാർത്ഥ രചനകൾ ആയിരിക്കണം എന്നതിനോടൊപ്പം, ചുറ്റുപാടുമുള്ള ജീവിതത്തേയും അനുഭവങ്ങളേയും ആവിഷ്ക്കരിക്കുന്നവ കൂടിയാകണം എന്ന ശ്രദ്ധേയ നിരീക്ഷണം പങ്കുവച്ചത് മുൻഷി പ്രേംചന്ദ് ആണ്. ഭാഷയുടെ ലളിത്യത്തിൽ എന്നതുപോലെ ബുദ്ധിയേയും വികാരങ്ങളേയും സ്പർശിക്കുവാനും സാഹിത്യത്തിനു കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കവി, നാടകകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, സാംസ്കാരിക സംഘാടകൻ, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായ കവനാലയം ബോസിന്റെ ആദ്യ നോവലായ 'ദാവീദിന്റെ ഉദ്യാനം", സംസ്കാരത്തിൽ അലിഞ്ഞുചേരുന്നതിനപ്പുറം അതിൽ ഇടപെടുന്നതിനും മാറ്റിത്തീർക്കുന്നതിനും പ്രമേയ പരിസരം, പരിചരണം എന്നിവകളിലൂടെ ബോധപൂർവമായ പരിശ്രമങ്ങൾ നടത്തുന്നു. നോവലിസ്റ്റ് ജനിച്ചു വളർന്ന വിജയപുരം എന്ന നാട്ടിൻപുറത്തെ മനുഷ്യരുടെ ആലങ്കാരികതകൾ അശേഷമില്ലാത്ത കഥയാണിത്.
അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതസാഹചര്യങ്ങളെ വിവിധ ചരിത്ര മുഹൂർത്തങ്ങളുടെ പശ്ചാത്തലത്തിലാണ് നോവൽ അടയാളം ചെയ്യുന്നത്. അധസ്ഥിതരായ പട്ടിണിക്കാരും അർദ്ധപട്ടിണിക്കാരുമായ മനുഷ്യർ തങ്ങളെ നിരന്തര ചൂഷണത്തിനു വിധേയമാക്കിയ ജന്മിവർഗ്ഗത്തിനെതിരെ സംഘടിപ്പിച്ച സമരപോരാട്ടങ്ങളുടെ രക്തം കിനിയുന്ന ഉള്ളടക്കം നോവലിന്റെ വർഗഭാവുകത്വം ആഴത്തിൽ നിശ്ചയിക്കുന്നുണ്ട്. അവരെ പോരാടാൻ പര്യാപ്തമാക്കിയത് കമ്മ്യൂണിസമായിരുന്നുവെന്ന് പാത്രസൃഷ്ടികളിലെ കൃത്യതയിലൂടെയും സംഭാഷണങ്ങളിലെ വ്യക്തതയിലൂടെയും നോവൽ വരച്ചു കാട്ടുന്നു.
ചരിത്ര രേഖകളിൽ ഇടംപിടിക്കാത്ത അത്തരം മനുഷ്യരുടെ വിലയുള്ള ജീവന്റെ ആലേഖന പുസ്തകം കൂടിയാണ് ദാവീദിന്റെ ഉദ്യാനം. പ്രഥമ ഇ.എം.എസ് മന്ത്രിസഭയുടെവിദ്യാഭ്യാസ പരിഷ്കരണങ്ങൾ സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക നീതി ഏതേതു വിധം ഉറപ്പാക്കിയെന്ന് നോവൽ അനാവരണം ചെയ്യുന്നു. നോവലിസ്റ്റ് സൂചിപ്പിക്കും വിധം, ആധുനികത ആവശ്യപ്പെടുന്ന രചനാരീതികളോ കൗശലങ്ങളോ ഇതിവൃത്തം അനുവർത്തിക്കുന്നതേയില്ല. സ്നേഹം, പ്രണയം, നിരാസം, രതി, വെറുപ്പ്, വിദ്വേഷം, ആത്മരതി, അടങ്ങാത്ത അധികാരാസക്തി, സാത്വികത, ത്യാഗം തുടങ്ങി മനുഷ്യനിർവിശേഷമായ സകലതുകളും നോവലിന്റെ ബീജാവാപങ്ങളാണ്.
ഈ ഉദ്യാനത്തിലെ പൂക്കൾ വായനയിൽ മധുരിക്കുകയും, ചിലപ്പോഴെല്ലാം ചവർപ്പിലേക്ക് എടുത്തെറിയുകയും ചെയ്യും. ഇത്തിരി വെള്ളം കുടിച്ചാൽ കയ്പു രുചിച്ച് പുളിരസത്തിലേക്ക് ഊളിയിടാം. ചില ഉദ്യാനങ്ങൾ ചരിത്രം നിർമ്മിക്കുന്നത് ഈ വിധമാണ്.
പ്രസാധകർ: സാകേതം പബ്ലിഷേഴ്സ്