k

കേരളത്തിൽ അടുത്ത കാലത്തായി മനുഷ്യ- വന്യജീവി സംഘർഷം വളരെയധികം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിവിധ ജില്ലകളിലായി പത്ത് മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ നഷ്ടമായത്.

വനപ്രദേശങ്ങളോടു ചേർന്ന മേഖലകളിലാണ് സ്വാഭാവികമായും വന്യജീവി ആക്രമണ സംഭവങ്ങൾ അധികം. ജനവാസം കൂടുതലുള്ള പട്ടണപ്രദേശങ്ങളിലേക്കു പോലും വന്യജീവികൾ കടന്നുവരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തിൽ അടുത്തിടെ ഹൈക്കോടതി നടത്തിയ പരാമർശം ശ്രദ്ധേയമാണ്: എ.സി മുറിയിലിരുന്ന് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. പ്രായോഗിക തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി,​ ഇതിന് സത്വര പരിഹാരം കാണേണ്ടതുണ്ട്.

കാട്ടാന,​ കാട്ടുപോത്ത്,​ കടുവ,​ കാട്ടുപന്നി തുടങ്ങിയവയുടെ തുടർച്ചയായ ആക്രമണങ്ങളുണ്ടാകുന്ന വയനാട് ജില്ലയിലെ പ്രശ്നങ്ങൾ അതിസങ്കീർണമാണ്. കൃഷിയിടത്തിൽ ജോലി ചെയ്യാനോ വിളവെടുക്കാനോ സാധിക്കുന്നില്ല. ഇടുക്കിയിലും, കോഴിക്കോട്,​ തൃശൂർ,​ പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും ഇതുതന്നെ സ്ഥിതി. വയനാട് ജില്ലയിൽ കാട്ടാനയുടെയും, കടുവയുടെയും പുള്ളിപ്പുലിയുടെയും മറ്റും ആക്രമണം വർദ്ധിച്ചു വരുമ്പോൾ മറ്റു മേഖലകളിൽ കുരങ്ങുകളും കാട്ടുപന്നികളും മറ്റും കൃഷിക്ക് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല. ഇവ കർഷകന്റെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പരിരക്ഷയും

പ്രതിരോധവും

വയനാട് മേഖലയിൽ കുരങ്ങുകളുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്ക് നാളികേരം ലഭിക്കുക ദുഷ്കരമായിരിക്കുന്നു. പാകമാകുന്നതിനു മുമ്പ് കരിക്കുകളിലെ വെള്ളം ഊറ്റിക്കുടിച്ച് തെങ്ങുകൾ മുഴുവൻ നശിപ്പിക്കുകയാണ്,​ കുരങ്ങന്മാർ. വാഴക്കൃഷി,​ പച്ചക്കറിക്കൃഷി എന്നിവയുടെ കാര്യത്തിലും ഇതുതന്നെയാണ് ദുരവസ്ഥ.

കുരങ്ങുകളും മയിലും വിളകളെയും പഴവർഗങ്ങളെയും നശിപ്പിക്കുന്നു. ഈ സാഹചര്യം വിലയിരുത്തി വന്യമൃഗ- മനുഷ്യ സംഘർഷം നിയന്ത്രിക്കാനായി സുസ്ഥിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കുവാനും, അവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽത്തന്നെ തടഞ്ഞു നിറുത്തുവാനുമുള്ള അടിയന്തര നടപടികളാണ് ആവശ്യം. വന്യമൃഗ പരിരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെങ്കിലും,​ അവ മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. ഇതിന് ആവശ്യമായ നയരൂപീകരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് തീരുമാനമെടുക്കണം.

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ 2023-ൽ പന്ത്രണ്ടോളം മനുഷ്യജീവനാണ് പൊലിഞ്ഞത്. ആഫ്രിക്ക അടക്കം പല രാജ്യങ്ങളിലും വന്യമൃഗ ആക്രമണം നേരിടാൻ നേരത്തെതന്നെ മുന്നറിയിപ്പ് നൽകുന്ന ഏർളി വാണിംഗ് സിസ്റ്റം നിലവിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസറുകൾ, ഓട്ടോമേഷൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഇതിനായി അനുവർത്തിച്ചു വരുന്നു. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ എത്തുമ്പോഴും, വളർത്തു മൃഗങ്ങൾ ആക്രമണങ്ങളെ നേരിടുമ്പോഴും ഇതിലുള്ള അലാറം പ്രവർത്തനക്ഷമമാകും. ജനവാസ, ഗ്രാമീണ, പട്ടണ പ്രദേശങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വരവ് സംബന്ധിച്ച ഇത്തരം മുന്നറിയിപ്പു സംവിധാനങ്ങൾ പ്രവർത്തികമാക്കണം. വനപ്രദേശങ്ങളോടു ചേർന്നുള്ള മുളക് കൃഷി, തേനീച്ച വളർത്തൽ എന്നിവ കാട്ടാനകളെ അകറ്റിനിറുത്തുമെന്ന് ഇന്റർനാഷണൽ എലിഫന്റ് ഫൗണ്ടേഷന്റെ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.

വനംവകുപ്പ്

നോക്കുകുത്തി

വനംവകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല. പരിശീലനമോ തൊഴിൽ നൈപുണ്യമോ ഇല്ലാത്ത വനംവകുപ്പ് ജീവനക്കാർ പ്രശ്നബാധിത മേഖലകളിൽ നോക്കുകുത്തിയാകുന്നു. സാങ്കേതിക രംഗത്ത് ഇത്രയധികം മുന്നേറ്റങ്ങൾ ഉണ്ടായിട്ടും ഏതൊക്കെ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ തീർത്തും അജ്ഞരാണ്. വനത്തെക്കുറിച്ചോ, ആവാസ വ്യവസ്ഥയെക്കുറിച്ചോ ഭൂരിഭാഗം പേർക്കും ശാസ്ത്രീയമായ അറിവുകളില്ല.

കർഷകർക്ക് കൃഷിയിടത്തിൽ പോകാനും, കുട്ടികൾക്ക് സ്കൂളുകളിൽ പോകാനുമുള്ള ബുദ്ധിമുട്ട്, ജനങ്ങൾക്കു പുറത്തിറങ്ങാൻ തടസ്സം തുടങ്ങി എല്ലാ അർത്ഥത്തിലും വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രശ്നാധിഷ്ഠിതമായ ഒരു സമീപനം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ ഗവേഷകരും തയ്യാറാകുന്നില്ല. ദുരന്തങ്ങൾക്കുശേഷം ആചാരപരമായ അനുശോചനങ്ങൾക്കപ്പുറം,​ സത്വരവും സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഉദാസീനതയാണ് പ്രശ്‍നം സങ്കീർണമാക്കുന്നത്. വനമേഖലയോടു ചേർന്ന സ്ഥലങ്ങളിൽ ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും, മറ്റു ജനവിഭാഗങ്ങളും കടുത്ത ഭീഷണിയിലാണ്. നഗരങ്ങളിൽ താമസിക്കുന്ന പരിസ്ഥിതിവാദികൾ ഇനിയെങ്കിലും കാര്യഗൗരവം മനസ്സിലാക്കണം.

പ്രശ്നാധിഷ്ഠിത

ഗവേഷണം

മനുഷ്യ- വന്യജീവി സംഘർഷം ഒഴിവാക്കാൻ സുസ്ഥിര നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ

പ്രാദേശിക തലത്തിൽ ആവിഷ്കരിക്കണം. ഓരോ ആവാസ വ്യവസ്ഥയിലെയും പ്രശ്നങ്ങൾ വ്യത്യസ്തവും നിരവധിയുമാണ്. പ്രശ്നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. സാങ്കേതികവിദ്യ ഫലപ്രദമായി അവലംബിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, സെൻസർ അടിസ്ഥാനത്തിലുള്ള ട്രാക്കിംഗ്, മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പിലാക്കണം. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം ഒഴിവാക്കണം.

റിസ്‌ക് വിലയിരുത്തിയുള്ള മുന്നറിയിപ്പ് രീതികൾ പരിസരവാസികൾക്കായി നടപ്പിലാക്കണം. ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. വന്യമൃഗങ്ങളുടെ ആക്രമണ സാദ്ധ്യത മനസ്സിലാക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര അപകടം ക്ഷണിച്ചുവരുത്തും. വാഹനങ്ങൾക്കും സ്ഥിതി വിലയിരുത്തി പ്രത്യേക സീസണിൽ/ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. വന്യമൃഗങ്ങളുടെ വരവ് നേരത്തേ അറിയുവാനുള്ള മൊബൈൽ അധിഷ്ഠിത സന്ദേശം പ്രദേശവാസികൾക്ക് ലഭ്യമാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിക്കണം. യുവാക്കൾക്കും പരിസരവാസികൾക്കും ബോധവത്കരണ, നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കണം. ഇവർക്ക് ഇൻഷുറൻസ്, ചികിത്സ, പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം. വളർത്തുമൃഗങ്ങൾക്കും വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. കാലാവസ്ഥാമാറ്റം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം.

(ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ളിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രൊഫസർ ആണ് ലേഖകൻ)​