pic

മാലെ: നയതന്ത്ര ഭിന്നത തുടരുന്നതിനിടെ വീണ്ടും ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർ‌ശവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10ന് ശേഷം ഒ​റ്റ ഇന്ത്യൻ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്നും സാധാരണ വേഷത്തിൽ പോലും ഇന്ത്യൻ സൈനികരെ അനുവദിക്കില്ലെന്നും മുയിസു പറഞ്ഞു. ചൈനയിൽ നിന്ന് സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് മുയിസുവിന്റെ പ്രഖ്യാപനം. സൈനികർ രാജ്യം വിടുന്ന പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്ത്യൻ സിവിലിയൻ സാങ്കേതിക വിദഗ്ദ്ധർ കഴിഞ്ഞ ആഴ്ച മാലദ്വീപിലെത്തിയിരുന്നു. ഇന്ത്യാ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുന്ന മുയിസുവിനെതിരെ രാജ്യത്തെ പ്രതിപക്ഷം രംഗത്തുണ്ട്.

സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 80ഓളം ഇന്ത്യൻ സൈനികർ മാർച്ച് 15ന് മുമ്പ് മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് നവംബറിൽ അധികാരത്തിലെത്തിയതിന് പിന്നാലെ മുയിസു ഉത്തരവിട്ടിരുന്നു. പിന്നാലെ മാർച്ച് 10 മുതൽ മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഘട്ടംഘട്ടമായി ഇന്ത്യൻ സേന പിന്മാറാൻ ഇരുരാജ്യങ്ങളും ചർച്ചയിലൂടെ ധാരണയിലെത്തി.

ഇന്ത്യ സമ്മാനിച്ച തീരദേശ റഡാർ ശൃംഖല,​ പര്യവേക്ഷണ - മെഡിക്കൽ ഹെലികോപ്റ്ററുകൾ,​ പട്രോൾ ബോട്ട് എന്നിവയുടെ നിയന്ത്രണത്തിനാണ് ഇന്ത്യൻ സൈനിക വിദഗ്ദ്ധർ മാലദ്വീപിൽ തുടർന്നിരുന്നത്. ഇവർക്കു പകരം സിവിലയൻ വിദഗ്ദ്ധരെ വിന്യസിക്കാൻ മാലദ്വീപ് അനുമതി നൽകിയിരുന്നു.

 ചൈനയ്ക്ക് സ്വാഗതം

ഇന്ത്യാ വിരുദ്ധ നിലപാടുകൾ തുടരുന്ന മുയിസു പകരം ആ സ്ഥാനത്തേക്ക് ചൈനയെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളിലാണ്. തിങ്കളാഴ്ചയാണ് സൈനിക സഹകരണ കരാറിൽ മാലദ്വീപും ചൈനയും ഒപ്പിട്ടത്. കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകൾ ചൈന മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. അടുത്തിടെ ചൈനയുടെ ചാരക്കപ്പലിനെ മാലദ്വീപിൽ അടുപ്പിച്ചിരുന്നു.