maldives

മാലെ: മെയ് പത്തിന് മുമ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനികരും മാലദ്വീപ് വിടണമെന്ന ആവശ്യവുമായി പ്രസിഡന്റ് മുഹമ്മദ് മൊയിസു. മെയ് പത്തിന് ശേഷം ഒരു സൈനികരും യൂണിഫോണിലോ സിവില്‍ വേഷത്തിലോ രാജ്യത്തുണ്ടാകരുതെന്നാണ് മുന്നറിയിപ്പ്. ചൈനയുമായി സൈനിക ഉടമ്പടി രൂപീകരിച്ചതിന് ശേഷമാണ് മാലദ്വീപിന്റെ മുന്നറിയിപ്പെന്നതാണ് ശ്രദ്ധേയം.

2023ല്‍ രാജ്യത്ത് അധികാരത്തിലെത്തിയത് മുതല്‍ കടുത്ത ഇന്ത്യാവിരുദ്ധ നടപടികളാണ് മൊയിസു സ്വീകരിക്കുന്നത്. രാജ്യത്തിനുള്ളില്‍ പോലും ഇതിന് എതിരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ടെങ്കിലും തന്റെ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് മൊയിസു.

മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടി വരുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവമാണ്. ചൈനയുമായി സൈനിക കരാറുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മൊയിസു.

ഫെബ്രുവരി 2 ന് ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം, മാലദ്വീപിലെ മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സൈനികരെ മെയ് 10 നകം ഇന്ത്യ മാറ്റുമെന്നും നടപടിക്രമത്തിന്റെ ആദ്യ ഘട്ടം ഇന്ത്യ ഉടന്‍ നടത്തണമെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.

ഏറെ വര്‍ഷങ്ങളായി രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം മാലദ്വീപിലെ ജനതയ്ക്ക് മെഡിക്കല്‍ ഇവാക്യുവേഷനും മറ്റ് സഹായങ്ങളും തുടര്‍ന്നുവന്നിരുന്നു. ഈ സഹായങ്ങള്‍ നല്‍കാനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകളിലായി 88ഓളം ഇന്ത്യന്‍ സൈനികരാണ് സേവനമനുഷ്ഠിച്ചിരുന്നത്.

അതേസമയം ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കുന്ന തന്റെ നിലപാടിനെ വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സാധാരണക്കാരുടെ വേഷത്തില്‍ തിരികെ വന്ന ഇന്ത്യന്‍ സൈന്യം വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്നും മൊയിസു കൂട്ടിച്ചേര്‍ത്തു.

അടിയന്തര ഒഴിപ്പിക്കല്‍ സാഹചര്യങ്ങളില്‍ സഹായത്തിന് ശ്രീലങ്കയുമായി മാലദ്വീപ് ബന്ധമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു.