
തൃശൂർ: വാഴച്ചാലിൽ വത്സ(62)യുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് പ്രദേശത്ത് മഞ്ഞക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയെന്ന് വിവരം. വത്സയുടെ ഭർത്താവും സംഭവത്തിലെ ദൃക്‌സാക്ഷിയുമായ രാജനാണ് ഇക്കാര്യം അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കവെ ഇന്ന് വൈകുന്നേരമാണ് ആക്രമണമുണ്ടായത്. വത്സയെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട ശേഷം ആന നെഞ്ചിൽ ചവിട്ടി ആക്രമണത്തിന് ശേഷവും ഉടൻ പോകാതെ അൽപനേരം കഴിഞ്ഞാണ് ആന പിന്മാറിയത്.
കാട്ടിൽ കായെടുക്കുന്നതിനായാണ് വാച്ചുമരം കോളനി മൂപ്പൻ രാജനും ഭാര്യ വത്സയും കാട്ടിൽ പോയത്. കായ പെറുക്കി കൂട്ടിയശേഷം തല്ലിപ്പൊട്ടിക്കുന്നതിന് ഒരു കമ്പെടുക്കാൻ ഭാര്യയോട് പറഞ്ഞു. അതിനായി വത്സ പോയയുടനാണ് ചിന്നംവിളിച്ച് ആനയെത്തി ആക്രമിച്ചത്. ആദ്യം രാജനെ തട്ടിയിട്ട ശേഷം വത്സയെ ആക്രമിച്ചു. ഒരാന മാത്രമാണ് ആക്രമണത്തിലുണ്ടായിരുന്നതെന്നും പ്രദേശത്ത് സ്ഥിരമായി വരുന്ന ആനയാണെന്നും രാജൻ പറഞ്ഞു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീണ് തലയ്ക്ക് പരിക്കേറ്റ ശേഷമാണ് വത്സ മരിച്ചത്.
കോഴിക്കോട് കക്കയത്തും ഇന്ന് വന്യജീവി ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ടിൽ അബ്രഹാമാണ് മരിച്ചത്. 62 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ ഇതോടെ മൂന്ന് പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞത്.