
ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിന് യോഗ്യതനേടി ഇന്ത്യയുടെ പുരുഷ - വനിതാ ടേബിൾ ടെന്നീസ് ടീമുകൾ. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ടീം ഇവന്റിൽ ഒളിമ്പിക് ബർത്ത് ലഭിക്കുന്നത്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലൂടെ ഒളിമ്പിക് യോഗ്യത നേടാനിറങ്ങിയ ഇന്ത്യൻ ടീമുകൾക്ക് അതിന് സാധിച്ചിരുന്നില്ല. എന്നാൽ ലോക ടേബിൾ ടെന്നിസ് ഫെഡറേഷന്റെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നപ്പോൾ മെച്ചപ്പെട്ട സ്ഥാനത്തെത്താനായതാണ് ഇന്ത്യയ്ക്ക് ഒളിമ്പിക് യോഗ്യത നൽകിയത്.
പുരുഷ റാങ്ക് പട്ടികയിൽ 15-ാം സ്ഥാനത്തും വനിതാ പട്ടികയിൽ 13-ാം സ്ഥാനത്തുമാണ് ഇന്ത്യ. ലോക റാങ്കിംഗിൽ ആദ്യ 16 സ്ഥാനത്തിനുള്ളിൽ വരുന്ന ടീമുകൾക്കാണ് ഒളിമ്പിക്സിലേക്ക് പ്രവേശനം.2008 മുതലാണ് ടേബിൾ ടെന്നീസ് ടീം ഇവന്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ നാല് ഒളിമ്പിക്സുകളിൽ വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യൻ സീനിയർ താരമായ അചാന്ത ശരത് കമൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ വനിതാ വിഭാഗത്തിൽ മണിക ബത്രയും മത്സരിച്ചിരുന്നു.