
സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഷൂട്ടൗട്ടിൽ തോറ്റു
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ മിസോറാമിനോട് ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിൽ തോറ്റ് കേരളം പുറത്ത്. ഇരുടീമുകൾക്കും നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാനാവാതെ വന്നതിനെത്തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ സഡൻ ഡെത്തിൽ 7-6നാണ് മിസോറാം ജയിച്ചത്. മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നെങ്കിലും ഫിനിഷിംഗിൽ പിഴച്ചത് കേരളത്തിന് പുറത്തേക്കുള്ള വഴിതെളിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ഗോളടിക്കാൻ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാൻകഴിയാതിരുന്ന കേരളവും നന്നായി പ്രതിരോധിച്ച് കളിച്ച് അവസരങ്ങൾക്കായി കാത്തിരുന്ന മിസോറാമും ആദ്യ പകുതി ഗോൾ രഹിതമാക്കി മാറ്റി. 20-ാം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ നരേഷിന്റെ ഒരു ക്രോസ് കണക്ട് ചെയ്യാൻ സഫ്നീദിന് കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിന് മുന്നിലെത്താനാകുമായിരുന്നു. തൊട്ടുപിന്നാലെ മിസോറാമിന്റെ ഒരു ലോംഗ്ഷോട്ട് വലയുടെ സൈഡിൽ പതിച്ചു.
മുഹമ്മദ് ആഷിഖും നരേഷുമാണ് ഇന്നലെ കേരളത്തിന്റെ മുന്നേറ്റനിരയിലിറങ്ങിയത്. മദ്ധ്യനിരയിൽ അർജുനും സഫ്നീദുമാണ് കളിനലിയന്ത്രിച്ചത്. ആദ്യ പകുതിയിൽ മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുവാൻ ഇരുവരും പരിശ്രമിച്ചു. പ്രതിരോധത്തിൽ സഞ്ജുവിന്റെ പരിശ്രമങ്ങളും ടീമിന് മുതൽക്കൂട്ടായി. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആക്രമണോത്സുകരായാണ് കേരളം ഇറങ്ങിയത്. ആഷിഖിന്റെ മുന്നേറ്റങ്ങൾ മിസോറാം കഷ്ടപ്പെട്ടാണ് തടുത്തത്. 56-ാം മിനിട്ടിൽ തമ്മിൽ കലഹിച്ചതിന് ആഷിഖിനും മിസോറാം താരം റാംറെംതുലംഗയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു. രണ്ടാം പകുതിയിൽ ആഷിഖിന് പകരക്കാരനായി നായകൻ നിജോ ഗിൽബർട്ടിനെ ഇറക്കിയെങ്കിലും നേരത്തേ പരിക്കിലായിരുന്ന താരത്തിന്റെ പരിക്ക് അധികരിച്ചതോടെ തിരിച്ചുവിളിക്കേണ്ടിവന്നത് കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മിസോറാമും ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സലിമും സഞ്ജുവും അഖിലും ചേർന്ന പ്രതിരോധം തടുത്തു. അധിക സമയത്ത് അഖിലിന് പരിക്കേറ്റത് കേരളത്തിന് മറ്റൊരു തിരിച്ചടിയായി.
ഗ്രൂപ്പ് എയിലെ അഞ്ചുമത്സരങ്ങളിൽ രണ്ട് വിജയവും രണ്ട് സമനിലകളും ഒരു തോൽവിയുമടക്കം എട്ടുപോയിന്റുകൾ നേടി മൂന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചത്. ഗ്രൂപ്പ് ബിയിൽ രണ്ട് ജയവും ഒരു സമനിലയും ഉൾപ്പടെ ഏഴുപോയിന്റ് നേടിയ മിസോറാം രണ്ടാം സ്ഥാനക്കാരായാണ് അവസാന എട്ടിലേക്ക് എത്തിയത്.ആദ്യ മത്സരത്തിൽ അസാമിനെ 3-1ന് തോൽപ്പിച്ച കേരളം രണ്ടാം മത്സരത്തിൽ ഗോവയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്നു. അടുത്ത മത്സരത്തിൽ മേഘാലയയുമായി 1-1ന് സമനില വഴങ്ങിയതോടെ സമ്മർദ്ദത്തിലായെങ്കിലും ആതിഥയരായ അരുണാചൽ പ്രദേശിനെ 2-0ത്തിന് തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസുമായി 1-1ന് സമനിലയിൽ പിരിയുകയും ചെയ്തു.
ആദ്യ മത്സരങ്ങളിൽ മഹാരാഷ്ട്രയോട് തോൽക്കുകയും കർണാടകയുമായി സമനില പാലിക്കുകയും ചെയ്ത മിസോറാം മൂന്നാം മത്സരത്തിൽ ഡൽഹിക്ക് എതിരെയാണ് ആദ്യ വിജയം നേടിയത്. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ മണിപ്പൂരിനോട് നാലുഗോളുകൾ വഴങ്ങിതോറ്റു. അവസാന മത്സരത്തിൽ റെയിൽവേയ്സിനെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്