ak-saseendran

കോഴിക്കോട്: കക്കയത്ത് എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ മയക്കുവെടി വെക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത് കണക്കിലെടുത്ത് പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഉയരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല, പ്രതിഷേധങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, മൃതദേഹങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിഷേധങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അത്തരം സംഭവങ്ങളെ പ്രതിഷേധമായി കാണാനാകില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മൃതദേഹംവെച്ച് വിലപേശുന്നത് തുടരണമോ എന്നത് ആലോചിക്കേണ്ടത് പൊതുസമൂഹമാണ്. ജനനേതാക്കള്‍ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് പ്രശ്‌നം സങ്കീര്‍ണമാക്കാനല്ല. വന്യജീവി ആക്രമണത്തില്‍ ഫെന്‍സിങ് പരിചരണം നടത്താന്‍ സംവിധാനം പരിമിതമാണെന്നും മന്ത്രി പറഞ്ഞു.

കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. കൃഷിയിടത്തില്‍വെച്ചായിരുന്നു ആക്രമണം. തൃശൂര്‍ പെരിങ്ങല്‍കുത്തിലാണ് കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചത്. വാച്ച്മരം ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തി. അധികൃതര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടന്‍ എത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചന്‍ ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.