
തിരുവനന്തപുരം: പൂക്കോട് കാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവും സംസ്ഥാനത്ത് തുടരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളും ലോകസ്ഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.
പൂക്കോട് വെറ്ററിനറി കോളേജിൽ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ സർക്കാരിനും സി.പി.എമ്മിനും എസ്.എഫ്.ഐക്കുമെതിരെയാണ് പ്രതിപക്ഷം ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്.
പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും കുറ്റക്കാർക്കെതിരായ പൊലീസ്- സർവകലാശാല നടപടികളിലെ മെല്ലെപ്പോക്കുമാണ് യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കുന്നത്. കേരളമൊട്ടൊകെ വിഷയമുയർത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ഇതിന്റെ ഭാഗമായി നാളെ എല്ലാ പഞ്ചായത്തിലും മുന്നണിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും. ആറ്റിങ്ങൽ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും കേസ് അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു.
വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ട് വൈസ് ചാൻസലറെ സസ്‌പെന്റ് ചെയ്തതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം നടന്ന രണ്ടാഴ്ചയ്ക്കുശേഷം ഇന്നലെ സർവകലാശാല ഡീൻ, വാർഡൻ എന്നിവരെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രക്ഷോഭത്തെ ഇനിയും തണുപ്പിക്കാനായിട്ടില്ല.
ഇടുക്കി, വയനാട് ജില്ലകളിൽ അടുത്തിടെയുണ്ടായ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരുമുയർത്തുന്ന പ്രതിഷേധവും യു.ഡി.എഫ് ഏറ്റെടുത്തു കഴിഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണത്തിനുശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചില തീരുമാനങ്ങളെടുത്തിരുന്നു. എന്നാൽ വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.